സിനിമയില്‍ വില്ലന്‍ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് കിഷോര്‍ കുമാര്‍. തിരുവമ്പാടി തമ്പാന്, പുലിമുരുകന്, മിഖായേല്‍, ആടുകളം, വട ചെന്നൈ തുടങ്ങി നിരവധി സിനിമകളില്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധനേടിയ കിഷോര്‍ ഇന്ന് കര്‍ഷകനാണ്. അഭിനയം കഴിഞ്ഞാല്‍ കര്ഷകനായിരിക്കുക എന്നതാണ് കിഷോറിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രിയപ്പെട്ട കാര്യം. ബംഗളൂരുവില്‍ നിന്ന് 35 കിലോമീറ്റര്‍ മാറി ബന്നാര്‍ഘട്ട ദേശീയ ഉദ്യാനത്തിന് സമീപം എട്ടേക്കര്‍ സ്ഥലവും പുരയിടവുമാണ് കിഷോറിന്റെ ലോകം.
മിച്ചം വച്ചതും കടം വാങ്ങിയതുമായ പണം കൊണ്ടാണ് തന്റെ സ്വപ്നത്തിലേക്ക് നടന്നടുത്തതെന്ന് കിഷോര്‍ പറയുന്നു. സ്ഥലം വാങ്ങി വീടുവച്ചപ്പോള്‍ ഒരുപാട് പേര് എതിര്‍ത്തു. എന്നാല്‍ സ്വപ്നം നേടിയെടുക്കുക എന്നതായിരുന്നു ലക്ഷ്യം. സ്ഥലം വാങ്ങിയ ശേഷമുള്ള ആദ്യത്തെ രണ്ട് വര്‍ഷം ഒന്നും ചെയ്യാന്‍ സാധിച്ചിരുന്നില്ല. പിന്നീടാണ് മണ്ണിനെക്കുറിച്ചും ജലസ്രോതസിനെക്കുറിച്ചുമെല്ലാം മനസിലാക്കുന്നത്. അതിന് ശേഷം മരങ്ങള്വച്ചുപിടിപ്പിക്കുകയാണ് ചെയ്തത്. പതിയെ കൃഷിയിലേക്ക് തിരിഞ്ഞെന്നും കിഷോര്‍ പറയുന്നു.
കിഷോറിന് പൂര്‍ണപിന്തുണയുമായി ഭാര്യ വിശാലാക്ഷിയും മക്കളായ രുന്ദ്രയും വാലിയുമുണ്ട്. ഗ്രാമങ്ങളിലെയും ഗനരങ്ങളിലെയും കര്‍ഷകരെ ഏകോപിപ്പിക്കുന്ന ‘ദ ബഫല്ലോ ബാക്ക് കളക്ടീവ്’ എന്ന കൂട്ടായ്മയുടെ പ്രവര്‍ത്തകയാണ് വിശാലാക്ഷി. സാമൂഹിക പ്രവര്‍ത്തകകൂടിയാണ് വിശാലാക്ഷി. ഇത് കിഷോറിന് കൂടുതല്‍ സഹായകമായി. നടനായിരിക്കുക എന്നതിനൊപ്പം കര്ഷകനായിരിക്കാന് തന്നെയാണ് തീരുമാനമെന്ന് പറഞ്ഞുവയ്ക്കുകയാണ് താരം.