മംഗളുരു: മംഗളുരുവില്‍ മൂന്ന് വിദ്യാര്‍ഥിനികള്‍ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ സംഭവത്തില്‍ അറസ്റ്റിലായ അഭിന്‍ മലയാളിയായ എംബിഎ വിദ്യാര്‍ത്ഥിയെന്ന് പോലീസ്.
മാസ്ക് ധരിച്ചെത്തിയ അഭിന്‍ പെണ്‍കുട്ടികളില്‍ ഒരാളെയാണ് ലക്ഷ്യമിട്ടതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ പ്രതിയുടെ ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ സുഹൃത്തുക്കളും ഇരയാവുകയായിരുന്നു.
ദക്ഷിണ കന്നടയിലെ കടബ സര്‍ക്കാര്‍ പിയുസി കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനികളാണ് ആക്രമിക്കപ്പെട്ടത്. കോളജ് വരാന്തയില്‍ കര്‍ണാടക ബോര്‍ഡ് പ്രീ യൂണിവേഴ്സിറ്റി പരീക്ഷയ്ക്ക് മുന്‍പായുള്ള തയ്യാറെടുപ്പിലായിരുന്നു മൂന്ന് പെണ്‍കുട്ടികള്‍.
അപ്പോഴാണ് മാസ്കും തൊപ്പിയും ധരിച്ച് ബൈക്കിലെത്തിയ യുവാവ് പെണ്‍കുട്ടികളെ സമീപിച്ചത്. അപ്രതീക്ഷിതമായി ഇയാള്‍ ഒരു പെണ്‍കുട്ടിക്ക് നേരെ ആസിഡ് എറിഞ്ഞു.
അക്രമിയെ തടയാന്‍ ശ്രമിച്ച മറ്റ് രണ്ട് പെണ്‍കുട്ടികളുടെ മുഖത്തും ആസിഡ് വീണു. ഇതിലൊരാളുടെ മുഖത്ത് സാരമായി പൊള്ളലേറ്റു.അഭിന്‍ രക്ഷപ്പെടുന്നതിന് മുന്‍പ് തന്നെ കോളജ് അധികൃതര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.
മുഖത്ത് പൊള്ളലേറ്റ പെണ്‍കുട്ടികളെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി. കഡബ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ചികിത്സയിലാണ് പെണ്‍കുട്ടികള്‍.
അതേസമയം പെണ്‍കുട്ടികളില്‍ ഒരാള്‍ പ്രതിയുടെ പ്രണയം നിരസിച്ചതാണ് വൈരാഗ്യത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ആക്രമിക്കപ്പെട്ടവരില്‍ ഒരു പെണ്‍കുട്ടി മലയാളിയാണ്.
നിലമ്പൂര്‍ സ്വദേശിയായ അഭിന്‍ കേരളത്തിലെ ഒരു കോളേജിലെ എംബിഎ വിദ്യാര്‍ത്ഥിയാണ്.