ജയില്‍ ചാടിയത് മക്കളെ ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനാലെന്ന് കൊലക്കേസ് പ്രതി ബിനുമോന്. ജയില്‍ ചാടുന്നതിന് തലേന്ന് ജയിലിലെ ഫോണില്‍ നിന്ന് മക്കളെ വിളിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ കിട്ടിയില്ല. ഇതാണ് ജയില്‍ ചാടാനുണ്ടായ പ്രകോപനമെന്ന് ബിനുമോന് പറഞ്ഞു. പത്താം ക്ലാസിലും ഏഴാം ക്ലാസിലും പഠിക്കുന്ന മകനും മകളുമാണ് ബിനുവിനുളളത്.
ബിനുമോന്റെ ഭാര്യ വിദേശത്താണ്.
കഴിഞ്ഞ ദിവസമാണ് കോട്ടയം ജില്ലാ ജയിലില്‍ നിന്ന് ബിനുമോന് രക്ഷപ്പെട്ടത്. തുടര്‍ന്ന് മീനടത്തെ വീട്ടിലേക്കാണ് ബിനുമോന് പോയത്. ഇതിനിടെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്പിച്ചു. ജയില്‍ ചാടിയ പശ്ചാത്തലത്തില്‍ ബിനുമോനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാനാണ് തീരുമാനം.
ജയില്‍ ചാട്ടത്തിന് ബിനുമോനെതിരെ പ്രത്യേക കേസ് ചുമത്തിയിട്ടുണ്ട്. കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു. ഇതിന് പിന്നാലെയാണ് വിയ്യൂര്‍ ജയിലേക്ക് ബിനുമോനെ മാറ്റാന്‍ ജയില്‍ അധികൃതര്‍ തീരുമാനിച്ചത്. ജയില്‍ ചാടാന്‍ ശ്രമിക്കുന്ന പ്രതികളെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്നാണ് ചട്ടം. ഷാന്‍ എന്ന യുവാവിനെ കൊന്ന കേസിലെ അഞ്ചാം പ്രതിയാണ് ബിനുമോന്. കേസിലെ മുഖ്യപ്രതിയായ കുപ്രസിദ്ധ ഗുണ്ട ജോമോനും ഇപ്പോഴുളളത് സെന്‍ട്രല്‍ ജയിലിലാണ്.