ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്തിനെതിരെ ഗുരുതര ആരോപണവുമായി അക്കാദമി അംഗവും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റുമായ എന്‍.അരുണ്‍ രംഗത്ത്. അംഗങ്ങളുടെ അഭിപ്രായം ചെയര്മാന് കേള്‍ക്കുന്നില്ലെന്നും അക്കാദമി കൂടിയാലോചനകള്‍ നടത്തുന്നില്ലെന്നും അരുണ്‍ ആരോപിച്ചു. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി അരുണ്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.
വനിതാ ഫിലിം ഫെസ്റ്റിവല്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് ചര്‍ച്ച പോലും ഉണ്ടായിട്ടില്ലെന്നും അരുണ്‍ ആരോപിച്ചു. തികഞ്ഞ ഏകാധ്യപത്യമാണ് ചര്‍ച്ചിത്ര അക്കാദമിയില്‍ നടക്കുന്നതെന്നും അരുണ്‍ വ്യക്തമാക്കി. സംവിധായിക കുഞ്ഞില മാസിലാമണിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ രഞ്ജിത്തിനെതിരെ വിമര്‍ശനം ഉയരുന്ന പശ്ചാത്തലത്തിലാണ് അക്കാദമി അംഗം തന്നെ ആരോപണങ്ങളുമായി രംഗത്തെത്തിയത്.
ചലച്ചിത്ര മേളയില്‍ നിന്ന് കുഞ്ഞിലയുടെ സിനിമ തഴഞ്ഞതില്‍ പ്രതിഷേധം ശക്തമാകുകയാണ്. കുഞ്ഞിലയ്ക്ക് പിന്തുണ അറിയിച്ച് ചലച്ചിത്ര മേളയില്‍ നിന്ന് വിധു വിന്‍സെന്റ് സിനിമ പിന്‍വലിച്ചു. മേളയിലെ നാല് മലയാള ചിത്രങ്ങളില്‍ ഒന്നായിരുന്നു വിധുവിന്റെ ‘വൈറല്‍ സെബി’. കുഞ്ഞിലയുടെ സിനിമ തഴഞ്ഞതില്‍ അക്കാദമി വാദം തള്ളുകയാണെന്നും വിധു വ്യക്തമാക്കിയിരുന്നു.
കുഞ്ഞിലയ്ക്ക് പിന്തുണയുമായി സംവിധായകന് പ്രതാപ് ജോസഫും രംഗത്തെത്തിയിട്ടുണ്ട്. ചലച്ചിത്ര മേളയുടെ നടത്തിപ്പ് ജനാധിപത്യരീതിയില്‍ അല്ലെന്നും പ്രതാപ് ജോസഫ് ആരോപിച്ചു. സംവിധായിക കുഞ്ഞിലയോട് സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ചും സിനിമ പിന്‍വലിക്കാനുള്ള വിധു വിന്‍സെന്റിന്റെ നിലപാടില്‍ ഐക്യപ്പെട്ടും വനിതാ ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് കാര്‍ഡ് തിരിച്ചേല്പിക്കുകയാണ്. ഇനി ഈ ഫെസ്റ്റിവലിന്റെ ഭാഗമായിരുന്ന് സിനിമ കാണാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നും പ്രതാപ് ജോസഫ് പറഞ്ഞു.