സിനിമ താരങ്ങളായ ബാബു രാജിനും ,ഭാര്യ വാണി വിശ്വനാഥിനുമെതിരെ വഞ്ചനാകുറ്റത്തിന് കേസ്. സിനിമാ നിര്‍മാണത്തിനെന്ന പേരില്‍ വാങ്ങിയ മൂന്ന് കോടിയിലധികം രൂപ തിരികെ നല്‍കിയില്ലെന്നാണ് തിരുവില്വാമല സ്വദേശി റിയാസ് ഇവര്‍ക്കെതിരെ നല്കിയ പരാതി. 2017ല്‍ കൂദാശ എന്ന സിനിമയുമായി ബന്ധപ്പെട്ട് 3.14 കോടി രൂപ ബാബുരാജ് കൈപ്പറ്റിയെന്നാണ് കേസ്.
ചിത്രം റിലീസ് ചെയ്ത ശേഷം ലാഭവിഹിതം ഉള്‍പ്പടെ തിരികെ നല്‍കാം എന്ന് ബാബു രാജ് ഉറപ്പ് നല്‍കിയെന്ന് റിയാസ് പരാതിയില്‍ പറയുന്നു. കൊച്ചി, തൃശൂര്‍ എന്നിവിടങ്ങളില്‍ വെച്ചായിരുന്നു സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നത്. എന്നാല്‍, പടം ഇറങ്ങി കഴിഞ്ഞ് മുന്‍പ് പറഞ്ഞിരുന്നത് പോലെ വാക്ക് പാലിച്ചില്ല. ഇതോടെയാണ് പാലക്കാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്കാന് റിയാസ് തീരുമാനിച്ചത്.
പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് റിയാസ് നല്കിയ പരാതി ഒറ്റപ്പാലം പോലീസിന് കൈമാറിയത്. എന്നാല്‍ തനിക്കെതിരെ റിയാസ് നല്‍കിയിരിക്കുന്ന പരാതി വ്യാജമാണെന്ന് പറഞ്ഞ് നടന് ബാബുരാജ് രംഗത്തെത്തി. തന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടിലായിരുന്നു കൂദാശ സിനിമയുമായി ബന്ധപ്പെട്ട പ്രവര്‍ത്തകരുടെ താമസവും ഭക്ഷണവുമെന്നും ഇതിനൊന്നും പണം ഈടാക്കിയിട്ടില്ലെന്നും ബാബുരാജ് ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞത്.