തിരുവനന്തപുരം വര്‍ക്കലയില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. ചെമ്മരുതി സ്വദേശിനി ഷാലുവിനെ മാതൃസഹോദരന്‍ അനില്‍ ആണ് ആക്രമിച്ചത്. കഴുത്തിലും ശരീരത്തിന്റെ പല ഭാഗങ്ങളിലും വെട്ടേറ്റ ഷാലു അതീവ ഗുരുതരാവസ്ഥയിലാണ്. അനിലിനെ പൊലീസ് അറസ്റ്റ് ചെയ്തു.
അയിരൂരിലെ സ്വകാര്യ പ്രസ്സില്‍ ജോലി ചെയ്തു വരികയാണ് ഷാലു. ഉച്ചയോടെ വീട്ടിലെത്തി ഭക്ഷണം കഴിച്ച് മടങ്ങുമ്പോഴാണ് അനില്‍ തടഞ്ഞ് നിര്‍ത്തി വെട്ടിയത്. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് സൂചന.
ബന്ധുക്കള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി അനിലിനെ പിടികൂടുകയും ഷാലുവിനെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുകയും ചെയ്തു. ആദ്യം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.