നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ ഡിജിപി ആര് ശ്രീലേഖയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി അതിജീവിതയുടെ ബന്ധുക്കള്‍. വിലമതിക്കുന്ന മറ്റെന്തെങ്കിലും അവരെ പ്രലോഭിപ്പിക്കുന്നുണ്ടാകാമെന്ന് അതിജീവിതയുടെ ബന്ധുക്കള്‍ പറഞ്ഞു. ന്യായീകരണ തൊഴിലാളികളുടെ അവസ്ഥയില്‍ സഹതാപമെന്നും ബന്ധുക്കള്‍ വിമര്‍ശിച്ചു. ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയായ പശ്ചാത്തലത്തിലാണ് ബന്ധുക്കളുടെ പ്രതികരണം.
ശ്രീലേഖ ആര്‍ക്കുവേണ്ടിയാണ് സംസാരിച്ചതെന്ന് വ്യക്തമെന്ന് ഡബ്ല്യുസിസി അംഗം ദീദി ദാമോദരനും കുറ്റപ്പെടുത്തി. കേസിലെ ഓരോ വസ്തുതകളും എടുത്തുപറയുന്നത് ഇതിനാണ്. ശ്രീലേഖയുടെ നിലപാടുകള്‍ ഇരട്ടത്താപ്പ് നിറഞ്ഞതാണെന്നും ദീദി ദാമോദരന്‍ കൂട്ടിച്ചേര്‍ത്തു. അതിനിടെ ശ്രലേഖയ്ക്കെതിരെ സംവിധായകന് ബാലചന്ദ്രകുമാറും രംഗത്തെത്തി. നടന് ദിലീപിനോട് അവര്‍ക്ക് ആരാധനയുണ്ടാകാമെന്നും നടനെ രക്ഷിക്കാനുള്ള ശ്രമമാണ് ശ്രീലേഖ നടത്തുന്നതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. അധികാരത്തില്‍ ഇരുന്ന സമയത്ത് എന്തുകൊണ്ട് ഇക്കാര്യങ്ങള്‍ അവര്‍ സര്‍ക്കാരിനെ അറിയിച്ചില്ലെന്നും അദ്ദേഹം ചോദിച്ചു. എന്ത് അടിസ്ഥാനത്തിലാണ് അവരുടെ പരാമര്‍ശങ്ങള്‍ എന്നറിയില്ല. ശ്രീലേഖയുടേത് വെളിപ്പെടുത്തലല്ല, ആരോപണങ്ങള്‍ മാത്രമാണ്. അവര്‍ സര്‍വീസില്‍ ഇറങ്ങിയതിന്റെ തൊട്ടടുത്ത ദിവസം മുതല്‍ ദിലീപിനെ എങ്ങനെ രക്ഷിക്കാമെന്ന ക്യാംപയിന്റെ തലപ്പത്ത് ജോലി ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപിന് അറിഞ്ഞോ അറിയാതെയോ പങ്കുണ്ടെന്ന് കരുതുന്നില്ലെന്നായിരുന്നു മുന്‍ ഡിജിപി ആര്. ശ്രീലേഖ തന്റെ യു ട്യൂബ് ചാനലായ സസ്നേഹം ശ്രീലേഖയിലൂടെ പറഞ്ഞത്. പള്‍സര്‍ സുനിയും ദിലീപും കണ്ടതിന് തെളിവോ രേഖയോ ഇല്ല. കേസ് നിലനില്‍ക്കില്ല എന്ന ഘട്ടം വന്നപ്പോള്‍ യാതൊരു അടിസ്ഥാനവുമില്ലാത്ത വെറും ഊഹാപോഹങ്ങളുമായി എത്തിയ ബാലചന്ദ്രകുമാറിനെപ്പോലുള്ള സാക്ഷികളെക്കൊണ്ട് മാധ്യമങ്ങളുടെ സഹായത്താല്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നും ശ്രീലേഖ പറഞ്ഞിരുന്നു.
പള്‍സര്‍ സുനിക്കൊപ്പം ദിലീപ് നില്ക്കുന്ന ചിത്രം വ്യാജമാണ്. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോ ഫോട്ടോഷോപ്പ് ചെയ്തതാണ്. അക്കാര്യം പൊലീസുകാര്‍ തന്നെ സമ്മതിച്ചതാണെന്നും ശ്രീലേഖ പറയുന്നു. ദിലീപിന്റെ പെട്ടെന്നുള്ള ഉയര്‍ച്ചയില്‍ പലര്‍ക്കും അസൂയ ഉണ്ടായിരുന്നു. അയാള്‍ ചെയ്തിരുന്ന പല കാര്യങ്ങളിലും അന്ന് വളരെ ശക്തരായ പലര്‍ക്കും എതിര്‍പ്പുണ്ടായിരുന്നു. നടി ആഖ്രമിക്കപ്പെട്ട സംഭവത്തില്‍ താരസംഘടനയായ അമ്മ ഒരു യോഗം വിളിച്ചു ചേര്‍ത്തിരുന്നു. അതിലാണ് ഗൂഢാലോചന ആരോപണം ആദ്യമായി ഉയര്‍ന്നുവന്നത്. പിന്നെ ദിലീപിനെ പ്രതിയാക്കുള്ള വാര്‍ത്തകളാണ് പത്രത്തില്‍ കാണുന്നതെന്നും ശ്രീലേഖ പറഞ്ഞിരുന്നു.