വിജയ്-ലോകേഷ് കനകരാജ് കൂട്ടുകെട്ടില്‍ എത്തുന്ന പുതിയ ചിത്രമായ ലിയോയില്‍ അഭിനയിക്കാനായി സംവിധായകന് ലോകേഷ് കനകരാജ് തന്നെ സമീപിച്ചിരുന്നുവെന്ന് നടന് വിശാല്‍. ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന വിശാല്‍ ചിത്രം ‘മാര്‍ക്ക് ആന്റണി’ യുടെ റിലീസിന് മുന്നോടിയായി നല്കിയ അഭിമുഖത്തില്‍ സംസാരിക്കുമ്പോഴായിരുന്നു വിശാല്‍ ഇക്കാര്യം പറഞ്ഞത്.
വിജയ് നായകനായ ‘ലിയോ’ എന്ന ചിത്രത്തിലെ ഒരു വേഷത്തിനായി സംവിധായകന് ലോകേഷ് കനകരാജ് തന്നെ സമീപിച്ചിരുന്നു. വിജയിയുടെ അനുജന്റെ വേഷത്തില്‍ അഭിനയിക്കാനായിരുന്നു തന്നെ സമീപിച്ചത്.
എന്നാല്‍ ഓഫര്‍ സ്വീകരിക്കാന്‍ തനിക്ക് കഴിഞ്ഞില്ല എന്നാണ് വിശാല്‍ പറയുന്നത്. കാരണം, നാല് മാസത്തെ ഡേറ്റ് ആയിരുന്നു ലോകേഷ് ചോദിച്ചത്. ആ സമയത്ത് അത്രയും ദിവസം നല്കാന് തനിക്ക് സാധിക്കില്ലായിരുന്നു.
അത് കൊണ്ട് ലിയോയില്‍ അഭിനയിക്കാന്‍ തനിക്ക് പറ്റിയില്ല എന്നാണ് വിശാല്‍ പറയുന്നത്. താന്‍ ചെയ്യാനിരുന്ന വേഷം ഇപ്പോള്‍ ചെയ്യുന്നത് ആക്ഷന്‍ കിധ് അര്ജുന് ആണ്.
ഇളയ സഹോദരന് എന്ന കഥാപാത്രം മൂത്ത സഹോദരനായി മാറ്റിയതായി തോന്നുന്നുവെന്നും വിശാല്‍ അഭിമുഖത്തില്‍ പറഞ്ഞു. അതേസമയം തൃഷ, സഞ്ജയ് ദത്ത്, പ്രിയ ആനന്ദ്, സാന്‍ഡി, ഗൗതം വാസുദേവ് മേനോന്, മന്‍സൂര്‍ അലി ഖാന്, മിഷ്കിന്, മാത്യു തോമസ്, അര്ജുന് സര്‍ജ എന്നിവരും അഭിനയിക്കുന്ന വിജയുടെ ‘ലിയോ’ 2023 ഒക്ടോബര്‍ 19 ന് ദീപാവലിക്ക് മുന്നോടിയായി പ്രദര്‍ശനത്തിനെത്തും.
അതേസമയം, എസ് ജെ സൂര്യയെ നായകനാക്കി ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത വിശാലിന്റെ ‘മാര്‍ക്ക് ആന്റണി’ 2023 സെപ്റ്റംബര്‍ 15 ന് തിയേറ്ററുകളിലെത്തും.