ആരാധകർ ഏറെ കാലമായി കാത്തിരിക്കുന്ന ഒരു കൂട്ടുകെട്ട് ആണ് വിജയ് – വെട്രിമാരൻ കോംബോ. ദളപതി 65 വെട്രിമാരൻ സംവിധാനം ചെയ്തേക്കുമെന്ന അഭ്യൂഹങ്ങൾ നിലനിന്നിരുന്നുവെങ്കിലും അത് സംഭവിച്ചില്ല. എ. ആർ. മുരുഗദോസ് ആണ് ദളപതി 65 സംവിധാനം ചെയ്യുന്നത്. സൂര്യ നായകനാകുന്ന വാടിവാസൽ ആണ് വെട്രിമാരൻ അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രം. എന്നാൽ ഇപ്പോൾ വിജയ്യുമൊത്ത് ഒരു സിനിമ സ്ഥിരീകരിച്ചിരിക്കുകയാണ് വെട്രിമാരൻ.
ആർ.എസ്. ഇൻഫോട്ടൈന്മെന്റ് നിർമ്മിക്കുന്ന ഒരു ചിത്രമാണ് വെട്രിമാരൻ നിലവിൽ സംവിധാനം ചെയ്യുന്നത്. ഇതിന് ശേഷം സൂര്യ നായകനാകുന്ന വാടിവാസൽ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിലേക്ക് വെട്രിമാരൻ കടക്കും. ഇതിനു ശേഷമായിരിക്കും വിജയ് ചിത്രം ഒരുക്കുന്നത് എന്നും അതിനു വേണ്ടിയുള്ള തിരക്കഥ ഒരുക്കുന്ന ജോലികളിലേക്ക് കടക്കുകയാണ് എന്നും വെട്രിമാരൻ പറയുന്നു.
ശക്തമായ രാഷ്ട്രീയം പറയുന്ന ചിത്രങ്ങളാണ് വെട്രിമാരൻ ഒരുക്കാറുള്ളത്. എന്നാൽ അതേ സമയം മാസ്സ് രംഗങ്ങൾക്കും വെട്രിമാരൻ സിനിമകൾ ഒരു കുറവും ഉണ്ടാകാറില്ല. ഇതുകൊണ്ടു കൂടിയാണ് വെട്രിമാരനുമൊത്ത് വിജയ് ഒരു സിനിമ ചെയ്യുന്നത് കാണാൻ ആരാധകർ കാത്തിരിക്കുന്നത്.
അടുത്ത വർഷം തുടക്കത്തിൽ ആയിരിക്കും ദളപതി 65 ചിത്രീകരണം ആരംഭിക്കുന്നത്. സൺ പിക്ചേഴ്സ് ബാനറിൽ കലാനിധി മാരൻ ആണ് ദളപതി 65 നിർമ്മിക്കുന്നത്. എസ്. തമൻ ആണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കുന്നത്. ചിത്രത്തിൽ മഡോണ സെബാസ്റ്റ്യൻ, തമന്ന ഭാട്ടിയ എന്നിവരെ നായിക കഥാപാത്രങ്ങളിലേക്ക് പരിഗണിക്കുന്നു എന്ന റിപ്പോർട്ടുകളും വരുന്നുണ്ട്.