ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീ പിടിത്തം കാരണം തുടര്‍ച്ചയായ എട്ടാം ദിവസവും കൊച്ചി നഗരവും പരിസര പ്രദേശങ്ങളും വിഷപ്പുകയില്‍ തന്നെയാണ്.
ബ്രഹ്മപുരത്തെ തീപിടിത്തവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും വാര്‍ത്തകളും നിറയുന്നതിനിടെ നടനും നിര്‍മാതാവുമായ വിജയ് ബോബു പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുകയാണ്.
കൊച്ചിയിലെ ജീവിതം നരകമായി എന്നാണ് വിജയ് ബാബു സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. ”വെള്ളം ഇല്ല, നഗരത്തിലാകെ മാലിന്യം കുന്നുകൂടുന്നു..പുക, ചൂട്, കൊതുകുകള്‍,രോഗങ്ങള്‍… കൊച്ചിയിലെ ജീവിതം നരകമായി.”വിജയ് ബാബു കുറിച്ചു.
മാലിന്യ പ്ലാന്റിലെ തീ പിടിത്തം കാരണം കൊച്ചി കോര്‍പറേഷനിലെ 74 ഡിവിഷനുകളില്‍ മാലിന്യനീക്കം നിലച്ചിട്ട് ഒരാഴ്ചയായി. വീടുകളില്‍നിന്നും ഫ്ലാറ്റുകളില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ റോഡില്‍ ഉപേക്ഷിക്കുകയാണ്.
റോഡില്‍ ഉപേക്ഷിക്കപ്പെട്ട മാലിന്യ കൂമ്പാരങ്ങളുടെ ചിത്രങ്ങളും കുറിപ്പിനൊപ്പം വിജയ് പങ്കുവച്ചിട്ടുണ്ട്.താരത്തിന്റെ പോസ്റ്റിന് താഴെ നിരവധി പേരാണ് പ്രതികരണവുമായി എത്തുന്നത്.
അതേസമയം ബ്രഹ്മപുരത്തെ തീ കെടുത്താന്‍ പകല്‍ നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളും രാത്രിയും നടത്തുമെന്ന് മേയര്‍ അനില്‍കുമാര്‍ അറിയിച്ചിട്ടുണ്ട്.
മാലിന്യ സംസ്കരണത്തിന് സംസ്ഥാനത്ത് അടിയന്തര മാസ്റ്റര്‍ പ്ലാന്‍ വേണമെന്ന് ഇന്നലെ സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചുണ്ട്.
അതേസമയം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല. കൊച്ചി കോര്പറേഷന്, തൃക്കാക്കര, തൃപ്പുണിത്തുറ, മരട് നഗരസഭകളില്‍. വടവുകോട്പുത്തന്‍കുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകളിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രഫഷനല്‍ കോളജ് ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണ്.