മലയാളത്തിലെ യുവതാരങ്ങളില്‍ ഏറെ ആരാധകരുള്ള താരമാണ് നടന് ടൊവിനോ തോമസ്. മിന്നല്‍ മുരളി എന്ന ചിത്രത്തിന് ശേഷം ടൊവിനോ പാന്‍ ഇന്ത്യന്‍ തലത്തില്‍ ആരാധകരെ സമ്പാദിച്ചിരുന്നു.
അതുകൊണ്ട് തന്നെ ടോവിനോയുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വേഗത്തില്‍ ശ്രദ്ധ നേടാറുണ്ട്. അത്തരത്തില്‍ ഇപ്പോഴിത ടോവിനോയുടെ പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം എസ് ധോണിക്ക് ഒപ്പമുള്ള ടോവിനോയുടെ ചിത്രമാണ് വൈറലാകുന്നത്. താരം തന്നെയാണ് ചിത്രം പങ്കുവച്ചത്.
ധോണിക്കൊപ്പം സമയം ചെലവഴിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ഓണ്‍സ്ക്രീനില്‍ കണ്ടപോലെ തന്നെയാണ് നേരിട്ടെന്നും ടൊവിനോ ചിത്രം പങ്കുവച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
‘സമയം കൂളായി. ക്യാപ്റ്റന്‍ കൂളിനൊപ്പം സമയം ചിലവഴിക്കാന്‍ സാധിച്ചത് മികച്ചൊരു അനുഭവമാണ്. നമ്മള് ഓണ്‍സ്ക്രീനില്‍ കണ്ട അതേ വ്യക്തി തന്നെയാണ്. കൂള്‍, ശാന്തം, സ്വതസിദ്ധമായ കഴിവും എല്ലാം ചേര്‍ന്നൊരു വ്യക്തി. ഞങ്ങള്‍ ഒരുപാട് സംസാരിച്ചു.
അനായസമായി ഉന്നതമായ ചിന്തകള്‍ പലപ്പോഴായി അദ്ദേഹം പങ്കുവെച്ചു. ഇങ്ങനെയൊരു അവസരം ലഭിച്ചതില്‍ ഞാന്‍ ഭാഗ്യവാനാണ്. എല്ലാവര്ക്കും ഒരു നല്ല മാതൃകയാണ് ധോണി. അദ്ദേഹത്തിന്റെ യാത്ര കൂടുതല്‍ ശോഭനം ആകട്ടെ’ എന്നാണ് ധോണിയുടെ ഫോട്ടോ പങ്കുവച്ച് ടൊവിനോ കുറിച്ചത്.
ഇരുവരുടെയും ചിത്രം സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ വലിയ ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ധോണിയുടെ ജീവിതം മലയാളത്തില്‍ സിനിമ ആക്കുകയാണോ, ടോവിനോ ആണോ നായകന്-എന്നിങ്ങനെയാണ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ചോദിക്കുന്നത്.
അതേസമയം പ്രൊഫസര്‍ അബ്ദുള്‍ ഗഫാറിന്റെ ആത്മകഥയുടെ പ്രകാശന ചടങ്ങിലാണ് ടൊവിനോ തോമസും ധോണിയും കണ്ടുമുട്ടിയത്. ടൊവിനോ അടക്കമുള്ള മറ്റ് പ്രമുഖര്‍ക്ക് ധോണി ‘ഞാന്‍ സാക്ഷിയുടെ’ കോപ്പികള്‍ സമ്മാനിച്ചിരുന്നു.
ആത്മസുഹൃത്ത് ഡോ. ഷാജിര്‍ ഗഫാറിന്റെ പിതാവിന്റെ ആത്മകഥയുടെ പ്രകാശനത്തിന് സ്വദേശമായ റാഞ്ചിയില്‍ നിന്നാണ് ധോണി എത്തിയത്.