സിനിമ താരങ്ങൾക്കും സംവിധായകർക്കും എഴുത്തുകാർക്കും ആരാധകർ ഉണ്ടാകുന്നത് വലിയ കാര്യമൊന്നുമല്ല. എന്നാൽ ഒരു നിർമ്മാതാവിന് ആരാധകർ ഉണ്ടാകുന്നത് നിങ്ങൾ എത്ര സന്ദർഭങ്ങളിൽ കേട്ടിട്ടുണ്ട്? മലയാളത്തിൽ ഇന്ന് ഏറ്റവും കൂടുതൽ ആരാധകരുള്ള നിർമ്മാതാക്കളിൽ ഒരാൾ ആണ് സോഫിയ പോൾ. മിന്നൽ മുരളി എന്ന ഒരൊറ്റ സിനിമയിലൂടെ ആണ് ഇത്രയും ആരാധകരെ ഇവർ സ്വന്തമാക്കിയത്. നെറ്റ്ഫ്ലിക്സ് വഴി ആയിരുന്നു സിനിമ റിലീസ് ചെയ്തത്. നെറ്റ്ഫ്ലിക്സ് എന്ന മാധ്യമത്തിന് വലിയ രീതിയിലുള്ള മൈലേജ് ആയിരുന്നു ഈ ഒരൊറ്റ സിനിമ നൽകിയത്.
ഒരുതരത്തിൽ മിന്നൽ മുരളി എന്ന സിനിമയുടെ ആരാധകർ തന്നെയാണ് ഇവരുടെ ആരാധകരും എന്നു പറയാം. കാരണം അത്രത്തോളം പ്രേക്ഷകരുടെ മനസ്സിനെ സ്പർശിച്ച സിനിമകളിൽ ഒന്നാണ് മിന്നൽ മുരളി. ഇപ്പോൾ മിന്നൽ മുരളി ആരാധകർക്ക് ഒരു സന്തോഷവാർത്ത പങ്കുവെച്ചുകൊണ്ട് എത്തുകയാണ് സോഫിയ പോൾ. പുതിയ സിനിമയുടെ പ്രഖ്യാപനമാണ് സോഫിയ പോൾ നടത്തിയിരിക്കുന്നത്. സമൂഹമാധ്യമങ്ങൾ വഴിയായിരുന്നു താരം പ്രഖ്യാപനം നടത്തിയത്.
ആർ.ഡി.എക്സ് എന്നാണ് സിനിമയുടെ പേര്. നവാഗതനായ നഹാസ് ഹിദായത്ത് ആണ് സിനിമയുടെ സംവിധാനം നിർവഹിക്കുന്നത്. ഇദ്ദേഹം തന്നെയാണ് സിനിമയുടെ കഥയും ഒരുക്കുന്നത്. ആക്ഷൻ പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്. ഒരു മികച്ച ആക്ഷൻ ത്രില്ലർ ചിത്രം തന്നെയായിരിക്കും ഇത് എന്നാണ് ആരാധകർ ആവേശത്തോടെ ഉറ്റു നോക്കുന്നത്. പവർ ആക്ഷൻ എന്നാണ് സിനിമയുടെ ടാഗ് ലൈൻ. മാർഷൽ ആർട്സിന് ഒരുപാട് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കുന്നത് എന്നാണ് സൂചനകൾ.
അൻപറിവ് ആണ് സിനിമയുടെ ആക്ഷൻ രംഗങ്ങൾ എല്ലാം തന്നെ ഒരുക്കുന്നത്. അടുത്തിടെ റിലീസ് ചെയ്തിട്ടുള്ള കെ ജി എഫ്, കൈതി, വിക്രം എന്നീ സിനിമകളുടെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയത് ഇവർ ആയിരുന്നു. ഏകദേശം 90 ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ചിത്രീകരണം ആയിരിക്കും സിനിമയ്ക്ക് വേണ്ടി ഉണ്ടാകുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്. അതേസമയം ഗോദ എന്ന സിനിമയിലൂടെ സഹ സംവിധായകനായി തുടക്കം കുറിച്ച വ്യക്തികളിൽ ഒരാളാണ് നഹാസ്. ഇപ്പോൾ സ്വതന്ത്ര സംവിധായകനായി മാറുകയാണ് ഇദ്ദേഹം. രണ്ടു നായികമാർ ആയിരിക്കും സിനിമയിൽ ഉണ്ടായിരിക്കുന്നത്. മഹിമ നമ്പ്യാർ ആണ് സിനിമയിലെ ഒരു നായിക. എയ്മ റോസ്മി ആണ് സിനിമയിലെ മറ്റൊരു നായിക.