മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അനുപമ പരമേശ്വരൻ. പ്രേമം എന്ന സിനിമയിൽ മേരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ആണ് താരം സിനിമ കരിയർ ആരംഭിക്കുന്നത്. ഇപ്പോൾ മലയാളത്തിന് പുറത്ത് നിരവധി അന്യഭാഷ സിനിമകളിലും താരം അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. അടുത്തിടെ താരം അഭിനയിച്ച കാർത്തികേയ 2 എന്ന ചിത്രം ഏറെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റുകയും നിരൂപകപ്രശംസ നേടുകയും ചെയ്തിരുന്നു. ചിത്രത്തിൻറെ ഹിന്ദി ഡബ്ബ് പതിപ്പും വലിയ രീതിയിൽ വിജയമായി മാറിയിരുന്നു.
എന്നാൽ സിനിമയുടെ മലയാളം പതിപ്പ് പല കാരണങ്ങൾ കൊണ്ട് വൈകി പോവുകയായിരുന്നു. ഇന്ന് മലയാളം പതിപ്പും റിലീസ് ചെയ്തിരിക്കുകയാണ്. സിനിമയുടെ പ്രമോഷൻ ജോലികൾക്ക് വേണ്ടി അനുപമയും സിനിമയിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ച നിഖിലും കേരളത്തിൽ ഉണ്ടായിരുന്നു. തങ്ങളുടെ സിനിമ വിശേഷങ്ങൾ എല്ലാം തന്നെ ഇരുവരും ഈ പരിപാടികളിൽ തുറന്നു പറഞ്ഞു.
“പ്രേമം എന്ന സിനിമയാണ് എല്ലാത്തിന്റെയും തുടക്കം. ഞാൻ തിരക്കഥകൾ തിരഞ്ഞെടുക്കുന്നു എന്നതിനേക്കാൾ കൂടുതൽ തിരക്കഥകൾ എന്നെ തിരഞ്ഞെടുക്കുന്നു എന്ന് വേണമെങ്കിൽ പറയാം. അ ആ എന്ന സിനിമയിൽ ഞാൻ ഒരു ചെറിയ വേഷം മാത്രമായിരുന്നു ചെയ്തത്. പക്ഷേ ആ വേഷം പലർക്കും ഇഷ്ടപ്പെട്ടു. ആ കഥാപാത്രത്തെ അവതരിപ്പിച്ചതിനുശേഷമാണ് എനിക്ക് തെലുങ്കിൽ നിന്നും കൂടുതൽ ഓഫറുകൾ വരാൻ തുടങ്ങിയത്” – അനുപമ പരമേശ്വരൻ പറയുന്നു.
അതേസമയം മലയാളത്തിൽ വരാതിരുന്നത് സമയമില്ലാത്തതുകൊണ്ടല്ല എന്നും നല്ല തിരക്കഥകൾ ലഭിക്കാത്തതു കൊണ്ടാണ് എന്നുമാണ് അനുപമ പറയുന്നത്. മണിയറയിലെ അശോകൻ എന്ന സിനിമയിലാണ് താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്. ഇതിനു പുറമേ കുറുപ്പ് എന്ന സിനിമയിലും താരം ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ ചെയ്തിരുന്നു. അതിഥി വേഷത്തിൽ ആയിരുന്നു എങ്കിലും ഏറെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റുന്ന കഥാപാത്രമായിരുന്നു ഇത്.