മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് സോനു സൂദ്. നിരവധി തെന്നിന്ത്യൻ സിനിമകളിൽ ഇദ്ദേഹം വില്ലനായി അഭിനയിച്ചിട്ടുണ്ട്. എങ്കിലും യഥാർത്ഥജീവിതത്തിൽ ഇദ്ദേഹം ഒരു ഹീറോ ആണ്. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളാണ് ഇദ്ദേഹം നടത്തുന്നത്. കൊറോണ സമയത്ത് നിരവധി അതിഥി തൊഴിലാളികൾക്ക് ആണ് ഇദ്ദേഹം സഹായം എത്തിച്ചു നൽകിയത്. നിരവധി ആളുകൾക്ക് ഇദ്ദേഹം ഭക്ഷണവും മരുന്നും എല്ലാം എത്തിച്ചു നൽകി. ഇപ്പോൾ ഇദ്ദേഹം ഒരിക്കൽക്കൂടി സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്.
തൻറെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് താരം ഒരു വാർത്ത കഴിഞ്ഞ ദിവസം ആരാധകരെ അറിയിച്ചത്. ചൗമുഖി എന്നു പേരുള്ള ഒരു ചെറിയ പെൺകുട്ടിയെ ആണ് താരം പരിചയപ്പെടുത്തുന്നത്. നാല് കൈകളും നാലു കാലുകളും ആയിട്ടാണ് ഈ പെൺകുട്ടി ജനിച്ചത്. എന്നാൽ ശസ്ത്രക്രിയയിലൂടെ ഇത് മാറ്റിയെടുക്കാനുള്ള പണമില്ലായിരുന്നു ഇവരുടെ മാതാപിതാക്കൾക്ക്. ശസ്ത്രക്രിയയ്ക്ക് വേണ്ട മുഴുവൻ പണവും സോനു സൂദ് നൽകി. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി എന്നും അദ്ദേഹം ആരാധകരെ അറിയിച്ചു.
“ബീഹാറിലെ ഒരു ചെറിയ ഗ്രാമത്തിലാണ് ചൗമുഖി ജനിച്ചത്. ജനിച്ച സമയത്ത് നാല് കൈകളും നാലു കാലുകളും ഉണ്ടായിരുന്നു ഇവർക്ക്. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. ഇനി ഇവർ വീട്ടിലേക്ക് മടങ്ങുവാൻ തയ്യാറെടുക്കുകയാണ്” – ഇതാണ് താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. നിരവധി ആളുകളാണ് ഇദ്ദേഹത്തിന് ആശംസകൾ അർപ്പിച്ചു കൊണ്ട് രംഗത്തെത്തുന്നത്.
ആദ്യമൊക്കെ ഇദ്ദേഹം ബിജെപി അനുകൂല നിലപാടുകളായിരുന്നു സ്വീകരിച്ചത്. അന്ന് ബിജെപിയുടെ പോസ്റ്റർ ബോയ് കൂടിയായിരുന്നു സോനു. എന്നാൽ പിന്നീട് താരം ബിജെപിയിൽ നിന്നും അകലുകയായിരുന്നു. അതിനു ശേഷം നിരവധി റെയ്ഡുകൾ ആണ് ഇദ്ദേഹത്തിൻറെ വീട്ടിലും ഓഫീസിലും ഒക്കെ ഉണ്ടായിട്ടുള്ളത്. ഇദ്ദേഹം ഇപ്പോൾ ആക്ടീവ് പൊളിറ്റിക്സിൽ ഇല്ല. എങ്കിലും ഇദ്ദേഹത്തിൻറെ കുടുംബത്തിൽ പലരും ആം ആദ്മി പാർട്ടിയുമായി അനുഭാവം പുലർത്തുന്നവരാണ്.