ആരാണ് റേസിങ് കാര്‍ ഡ്രൈവറാവാന്‍ ആഗ്രഹിക്കാത്തത്? എന്നാലോ എതാണ്ടെല്ലാവരിലും അങ്ങനെയൊരു സ്വപ്നം സ്വപ്നമായി തന്നെ അവസാനിക്കുകയാണ് പതിവ്. നിങ്ങളുടെ കാര്‍ റേസിങ് കഴിവ് തെളിയിക്കാനുള്ള അവസരം ചരിത്രത്തിലാദ്യമായി എല്ലാവര്ക്കും മുമ്പില്‍ തുറന്നിടുകയാണ് എഫ്.ഐ.എ (Federation Internationale de l’Automobile). എഫ്.ഐ.എ റാലി സ്റ്റാറില്‍ പങ്കെടുത്ത് വിജയിക്കുന്നവര്‍ക്ക് രാജ്യാന്തരതലത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള സുവര്‍ണാവസരമാണ് ലഭിക്കുക. ഫെഡറേഷന് ഓഫ് മോട്ടോര്‍സ്പോര്‍ട്സ് ക്ലബ്സ് ഓഫ് ഇന്ത്യ (FMSCI) ആണ് എഫ്.ഐ.എ റാലി സ്റ്റാര്‍ മത്സരം നടത്തുന്നത്. റേസിങ് ട്രാക്കിലായാലും സിമുലേറ്ററിലായാലും നേരിട്ട് കഴിവു തെളിയിക്കാനുള്ള അവസരമാണ് ലഭിക്കുക. ഇതിന് വേണ്ട കാറുകളും സിമുലേറ്ററുകളും സംഘാടകര്‍ തന്നെ നല്‍കും.
വിജയിക്കുന്നവര്‍ സെപ്തംബര്‍ രണ്ട്, മൂന്ന്, നാല് തീയതികളില്‍ നടക്കുന്ന ഏഷ്യ പസഫിക് ഫൈനലിലേക്ക് ഇന്ത്യന്‍ പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെടും. അന്തിമ വിജയികള്‍ക്ക് 2023ല്‍ ആറ് രാജ്യങ്ങളിലായി നടക്കുന്ന യൂറോപ്യന്‍ ടൂറില്‍ ഇന്ത്യന്‍ പ്രതിനിധിയായി പങ്കെടുക്കാം. ഇവരുടെ ചിലവുകളും വാഹനങ്ങളും എഫ്.ഐ.എ തന്നെയാവും വഹിക്കുക.
17 വയസിനും 26 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് എഫ്.ഐ.എ റാലി സ്റ്റാറില്‍ പങ്കെടുക്കാനാകും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആവശ്യമായ പരിശീലനവും എഫ്.ഐ.എയുടെ നേതൃത്വത്തില്‍ ലഭിക്കും. ഇന്ത്യയില്‍ ചെന്നൈ, ബംഗളൂരു, ഡല്‍ഹി എന്നിവിടങ്ങളിലായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക.
ചെന്നൈയില്‍ ഓഗസ്ത് അഞ്ച് മുതല്‍ ഏഴ് വരെയും 12, 13 തീയതികളിലുമായിരിക്കും മത്സരം. ബംഗളൂരുവില്‍ ഓഗസ്ത് എട്ട്, ഒമ്പത് തീയതികളിലും ഡല്‍ഹിയില്‍ ഓഗസ്ത് 20, 21 തിയതികളിലും നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കാനാണ് അവസരമുള്ളത്. വിശദ വിവരങ്ങള്‍ in.fiarallystar.com ല്‍ ലഭ്യമാണ്.