ചെന്നൈ: വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ദളപതി 67. വിജയ് നായകനായി എത്തുന്ന ചിത്രത്തിനായി വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമ പ്രേമികള്‍. ചിത്രത്തിന്റെതായി എത്തുന്ന ചെറിയ അപ്ഡേഷന് പോലും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകാറുണ്ട്.
അത്തരത്തില്‍ വൈറലായ വാര്‍ത്തയായിരുന്നു ദളപതി 67ല്‍ വിജയ്ക്ക് ഒപ്പം കമല്‍ ഹാസനും എത്തുമെന്ന വാര്‍ത്ത. സിനിമ പ്രേമികള്‍ ഈ വാര്‍ത്ത വലിയ ആഘോഷമാക്കിയിരുന്നു. ഉലകനായകനും ദളപതിയും ഒന്നിച്ചാല്‍ ഇടിവെട്ട് ഐറ്റം തന്നെയാകും ചിത്രം എന്നായിരുന്നു സിനിമ പ്രേമികള്‍ പറഞ്ഞത്.
ഇതിനിടയില്‍ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും ചിത്രത്തിലെ കാസ്റ്റും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കമല്‍ഹാസന്റെ പേര് കാസ്റ്റില്‍ ഉണ്ടായിരുന്നില്ല. ഇതോടെ കമല്‍ ചിലപ്പോള്‍ ഉണ്ടാകില്ലെന്നാണ് പുതിയ വിവരം.
കമലിന്റെ ഒരു ആവശ്യം വിജയ് നിരസിച്ചത് കൊണ്ടാണ് ദളപതിയില്‍ 67ല്‍ നിന്നും കമല്ഹാസന് പിന്മാറിയത് എന്നാണ് ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വിജയിയുടെ അടുത്ത ചിത്രം നിര്‍മ്മിക്കാന്‍ കമലിന്റെ നിര്‍മ്മാണ കമ്പനിയായ രാജ് കമല്‍ ഫിലിംസിന് അവസരം നല്‍കണം എന്നതായിരുന്നത്രെ കമലിന്റെ ആവശ്യം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ വിജയ് തയ്യാറായില്ല എന്നാണ് വിവരം.
ഇതോടെ കമലിന്റെ ദളപതി 67 ചിത്രത്തിലെ റോള്‍ പ്രതിസന്ധിയിലാണ് എന്നാണ് കോളിവുഡിലെ അഭ്യൂഹങ്ങള്‍ പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം എത്തിയിട്ടില്ല. വരും ദിവസങ്ങളില്‍ കമല്ഹാസന് ദളപതി 67ല്‍ ഉണ്ടാകുമോ എന്ന് അറിയാം.