തിരുവനന്തപുരം: ശോഭന ഭാവിയിലെ രാഷ്ട്രീയക്കാരിയാണ് എന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി.ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി നടി ശോഭന തിരുവനന്തപുരത്തു മത്സരിക്കണമെന്നാണ് ആഗ്രഹമെന്നും സുരേഷ് ഗോപി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നതായും സുരേഷ് വ്യക്തമാക്കി.
”ശോഭന ഭാവിയിലെ രാഷ്ട്രീയക്കാരിയാണ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ശോഭന സ്ഥാനാര്‍ഥിയാകണം. തിരുവനന്തപുരത്തു നിന്ന് അവര്‍ മത്സരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഞാനും, കേന്ദ്ര നേതൃത്വവും അവരോട് സംസാരിച്ചിരുന്നു.”സുരേഷ് ഗോപി വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത തൃശൂരിലെ ബിജെപി വനിതാ സമ്മേളനത്തിന് ശോഭന എത്തിയിരുന്നു. ഇതിനു മുന്‍പ് ഇത്ര വലിയ വനിതാ സംഗമം കണ്ടിട്ടില്ലെന്നും മോദിയുടെ നേതൃത്വത്തില്‍ വനിതാസംവരണ ബില്‍ പാസാക്കിയത് ഒട്ടേറെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കുമെന്നും സമ്മേളനത്തില്‍ പങ്കെടുത്ത് അവര്‍ പ്രസംഗിച്ചു.
ചടങ്ങില്‍ പങ്കെടുക്കാനെത്തുന്നതിന്റെ ചിത്രം ‘ഹ്യൂജ് ഫാന്‍ മൊമന്റ്’ എന്ന തലക്കെട്ടോടെ സമൂഹമാധ്യമത്തില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. പിന്നാലെ നടി ശോഭന ബിജെപിയിലേക്കെന്ന് അഭ്യൂഹമുയര്‍ന്നിരുന്നു.
പിന്നാലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നിന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനു പുറമേ നടി ശോഭനയുടെയും നിര്‍മാതാവ് സുരേഷ്കുമാറിന്റെയും പേരുകള്‍ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.