മലയാളത്തിലെ പ്രശസ്തനായ നടന്മാരില് ഒരാളാണ് സണ്ണി വെയ്ന്‍. സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ അഭിനയം ആരംഭിച്ച സണ്ണി സഹനടനായും നായകനായും നിരവധി ചിത്രങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്.
സണ്ണി വെയ്ന്‍ നായകനായി എത്തുന്ന പുതിയ ചിത്രം അപ്പന് റിലീസിന് കാത്തിരിക്കുകയാണ്. ഇതിനിടയില്‍ താരം നിര്‍മ്മാതാവിന്റെ വേഷവും ധരിച്ചിരുന്നു. നിവിന്‍ പോളി നായകനാകുന്ന പടവെട്ട് എന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സണ്ണി വെയ്നാണ്.
ചിത്രം നാളെ റിലീസിന് എത്തുകയാണ്. റിലീസിന്റെ തലേദിവസം സണ്ണി വെയ്നെ തേടി ഒരു സന്തോഷം എത്തിയിരിക്കുകയാണ്. നടന് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചിരിക്കുകയാണ്. ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച് ഡിജിറ്റല്‍ ആസ്ഥാനത്ത് എത്തി നടന് വിസ സ്വീകരിച്ചു.
സിഇഒ ഇഖ്ബാല്‍ മാര്‍ക്കോണിയാണ് വിസ കൈമാറിയത്. വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും നിക്ഷേപകര്‍ക്കും ബിസിനസുകാര്‍ക്കുമൊക്കെ യുഎഇ ഭരണകൂടം അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസകള്‍.
പത്ത് വര്‍ഷത്തെ കാലാവധിയുള്ള ഈ വിസകള്‍, കാലാവധി പൂര്‍ത്തിയാവുമ്പോള്‍ പുതുക്കി നല്‍കുകയും ചെയ്യും. മലയാളത്തിലെ പ്രമുഖ താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു.
അതേസമയം പടവെട്ട് സംവിധാനം ചെയ്യുന്നത് ലിജു കൃഷ്ണയാണ്. നാളെ ഒക്ടോബര്‍ 21ന് ചിത്രം തീയറ്ററുകളില്‍ എത്തും. മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്ററും അന്ന് തന്നെയാണ് തീയറ്ററില്‍ എത്തുന്നത്.