ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി മുതിര്‍ന്ന തിരക്കഥകൃത്ത് എസ്എന്‍ സ്വാമി സംവിധാന അരങ്ങേറ്റത്തിന് ഒരുങ്ങുന്നുവെന്ന വാര്‍ത്ത എത്തിയിരുന്നു. ത്രില്ലര്‍ കഥകളുടെ രാജാവ് ആദ്യമായി സംവിധായകനാകുന്ന സിനിമ പ്രണയ ചിത്രമായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറഞ്ഞിരുന്നു.
സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ശ്രദ്ധ നേടിയിരുന്നു ഈ വാര്‍ത്ത. ഇപ്പോഴിത ഈ വാര്‍ത്തയില്‍ പ്രതികരിച്ച് എത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് എസ്എന്‍ സ്വാമി. ധ്വാനുമായി സിനിമ ചെയ്യുന്നുവെന്ന വാര്‍ത്ത വ്യാജമാണെന്ന് തിരക്കഥാകൃത്ത് എസ്എന്‍ സ്വാമി പറയുന്നു.
പ്രചരിക്കുന്ന വാര്‍ത്തകളില്‍ തനിക്ക് യാതൊരുവിധ ഉത്തരവാദിത്തമില്ലെന്നും വിഷു ദിനത്തില്‍ നടക്കാനിരിക്കുന്ന പൂജാ ചടങ്ങില്‍ മാത്രമേ സിനിമയെ കുറിച്ച് വാ തുറക്കുവെന്നും എസ്എന്‍ സ്വാമി പറഞ്ഞു.
‘എവിടെ നിന്നൊക്കെയോ ശേഖരിച്ച വിവരങ്ങളിന്മേല് വന്ന വാര്‍ത്തകളാണ് ഇവ. ഞാനീ കാര്യത്തില്‍ ആരോടും പ്രതികരിച്ചിട്ടില്ല. തമിഴ് പശ്ചാത്തലമാണെന്നും ധ്യാനാണ് നായകനെന്നും എഴുതിയവരുടെ മനോധര്‍മം പോലെ ചെയ്തതാകാം.
അതിനെ കുറിച്ചൊന്നും ഞാനിപ്പോള്‍ പറയുന്നില്ല’, എസ്എന്‍ സ്വാമി പറഞ്ഞു.ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി തമിഴ് ബ്രാഹ്മണ പശ്ചാത്തലത്തില്‍ ഒരു പ്രണയചിത്രം ഒരുങ്ങുന്നുവെന്നായിരുന്നു വാര്‍ത്ത എത്തിയത്. വലിയ രീതിയില്‍ ശ്രദ്ധ നേടിയിരുന്നു ഈ വാര്‍ത്ത.
അതേസമയം, മലയാള സിനിമയ്ക്ക് ഒരുപാട് ഹിറ്റുകള്‍ സമ്മാനിച്ച തിരക്കഥാകൃത്ത് എസ്എന്‍ സ്വാമി തന്റെ 72-ാം വയസില്‍ സംവിധായകനായി അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്.
മമ്മൂട്ടി അവതരിപ്പിച്ച സേതുരാമയ്യര്‍ സിബിഐ, പെരുമാള്‍, മോഹന്‍ലാല്‍ അവതരിപ്പിച്ച സാഗര്‍ ഏലിയാസ് ജാക്കി, അലി ഇമ്രാന് തുടങ്ങിയ മലയാളസിനിമാ ചരിത്രത്തിലെ ഏറെ പ്രശസ്തമായ കഥാപാത്രങ്ങള്‍ സൃഷ്ടിച്ചത് എസ്എന്‍ സ്വാമിയാണ്.സംവിധായകന് കെ മധുവിനൊപ്പമാണ് അദ്ദേഹം ഏറ്റവും കൂടുതല്‍ ചലച്ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്.