കുറച്ചുകാലമായി സിനിമാപ്രേമികള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന ചിത്രമാണ് മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം. സിനിമ പ്രഖ്യാപിച്ചതു മുതല്‍ ഇതേക്കുറിച്ചുള്ള വാര്‍ത്ത നിരന്തരം വരാറുണ്ട്. റിലീസ് ചെയ്യുന്നതിനു മുമ്പ് തന്നെ 100 കോടി ക്ലബ്ബില്‍ എത്താന്‍ മരയ്ക്കാറിന് സാധിച്ചു. വലിയ പ്രതീക്ഷയോടെ പ്രേക്ഷകരിലേക്ക് എത്തിയ സിനിമയ്ക്ക് പ്രേക്ഷകരില്‍ നിന്നും വ്യത്യസ്ത അഭിപ്രായമാണ് ലഭിച്ചത്. ഓരോ ആളുകള്‍ ഓരോ തരത്തിലാണ് സിനിമയെക്കുറിച്ച് പ്രതികരിക്കുന്നത്.
കുഞ്ഞാലി മരയ്ക്കാര്‍ നാലാമന്റെ ജീവിതകഥയുമായി എത്തിയ ചിത്രത്തിന് നേരെ ധാരാളം വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. എന്നാല്‍ ഇതിനിടെ സിനിമ ഇഷ്ടപ്പെട്ടവരും ഉണ്ട്. ഇപ്പോഴിതാ നടന് സിജു വില്‍സണ്‍ സിനിമ കണ്ടതിനുശേഷം അഭിപ്രായം അറിയിച്ച് എത്തിയിരിക്കുകയാണ്. എന്നാല്‍ സിജുവിന്റെ പോസ്റ്റിന് താഴെ വിമര്‍ശനവും ഉയരുന്നുണ്ട്. ഒടുവില്‍ ഇതിനുള്ള മറുപടി നടന് കൊടുക്കുന്നുണ്ട് .
മരയ്ക്കാര്‍ എന്നിലെ പ്രേക്ഷകനെ തൃപ്തിപ്പെടുത്തി. നല്ലൊരു തിയേറ്റര്‍ അനുഭവമാണ്, അത് മിസ്സാക്കരുതെന്നുമായിരുന്നു സിജു വിത്സണ് ഫേസ്ബുക്കില്‍ കുറിച്ചത്. നല്ല സിനിമകള്ക്കൊപ്പമെന്ന ഹാഷ് ടാഗോടെയായിരുന്നു സിജു കുറിപ്പ് പോസ്റ്റ് ചെയ്തത്. ക്ഷണനേരം കൊണ്ടായിരുന്നു സിജുവിന്റെ പോസ്റ്റ് വൈറലായി മാറിയത്. ഇതിന് താഴെ പണം നല്കിയാണോ നടനെക്കൊണ്ട് പോസ്റ്റ് ഇടിപ്പിച്ചതെന്ന ചോദ്യവും വന്നു.
ആന്റണി സാര്‍ ടൈപ്പ് ചെയ്ത് തന്നതാണോ ബ്രോ ? എന്നായിരുന്നു ഒരാളുടെ കമന്റ്. ‘പുള്ളിക്കൊന്നും അതിനുള്ള നേരമില്ല ബ്രോ, പുള്ളി അവിടെ ക്യാഷ് എണ്ണിക്കൊണ്ടിരിക്കുകയായിരിക്കും. പിന്നെ എനിക്ക് ടൈപ്പിങ് അറിയാവുന്നത് കൊണ്ടും എന്നിലെ പ്രേക്ഷകന്റെ അഭിപ്രായം രേഖപെടുത്താനുള്ള അറിവും ബോധവും എനിക്കുള്ളതുകൊണ്ടും തല്ക്കാലം ആരുടേയും സഹായം എനിക്കാവശ്യമില്ല’ എന്നായിരുന്നു നടന്റെ മറുപടി.