മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളായിരുന്നു സാമന്ത. എന്നാൽ അതെല്ലാം ഇന്നലെ ഒറ്റദിവസംകൊണ്ട് സാമന്ത തന്നെ കളഞ്ഞുകുളിച്ചു. സാമന്തയുടെ അഹങ്കാരം കാരണമാണ് വിവാഹമോചനം നേടി പോയത് എന്നാണ് മലയാളികളുടെ കണക്കുകൂട്ടൽ. തെലുങ്ക് താരം നാഗചൈതന്യയെ ആയിരുന്നു സാമന്ത വിവാഹം ചെയ്തത്. എന്നാൽ ഇപ്പോൾ ഭർതൃ വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ചു കൊണ്ടാണ് സാമന്ത സ്വന്തം ഇഷ്ടപ്രകാരം വിവാഹമോചനം നേടി പോയത് എന്നാണ് മലയാളികൾ കണ്ടുപിടിക്കുന്നത്. ഈ വാർത്ത മലയാളികൾക്ക് ഏറെ ഭയമാണ് നൽകുന്നത്. സാമന്തയെ കണ്ടു നാളെ നമ്മുടെ പെൺകുട്ടികൾ വിവാഹമോചനം നേടി പോയാൽ എന്തു ചെയ്യും എന്ന ചിന്തയിലാണ് ഇപ്പോൾ മലയാളികൾ. പെൺകുട്ടികളുടെ വിവാഹമോചനം തടയാൻ ഇതാ മികച്ച 3 വഴികൾ. “എൺപതുകളുടെ വസന്തം” എന്ന വാട്സ്ആപ്പ് കൂട്ടായ്മയിൽ ആണ് ഈ മാർഗ്ഗനിർദ്ദേശങ്ങൾ വന്നത്.
ഒന്ന് – പെൺകുട്ടികളുടെ വിവാഹപ്രായം 16 ആക്കാൻ സമരം ചെയ്യുക. വിവാഹമോചനങ്ങൾ തടയുവാനുള്ള ഏറ്റവും മികച്ച വഴിയാണ് ഇത്. ഇതിനു കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹായം അഭ്യർത്ഥിക്കുക. പല വിദേശ രാജ്യങ്ങളും പെൺകുട്ടികളുടെ വിവാഹപ്രായം 16 ആക്കി കുറച്ചുണ്ട്. വിവാഹപ്രായം പതിനാറായി തുറക്കുന്നതുവരെ 18 വയസ്സ് ആയാൽ ഉടൻ തന്നെ പെൺകുട്ടികളുടെ കെട്ടിച്ചു വിടുക. അധികം വൈകിപ്പിച്ചാൽ പെൺകുട്ടികളുടെ ബുദ്ധി വികസിക്കുകയും അവർ സ്വതന്ത്രമായി ചിന്തിക്കാൻ ആരംഭിക്കുകയും ചെയ്യും. ഇതാണ് പെൺകുട്ടികൾ വിവാഹമോചനം നേടുവാനുള്ള പ്രഥമ കാരണം.
രണ്ട് – പ്ലസ് ടു വിദ്യാഭ്യാസം തന്നെ പെൺകുട്ടികൾക്ക് അധികമാണ്. ഒരു കാരണവശാലും അവരെ ഡിഗ്രി എടുക്കാൻ അനുവദിക്കരുത്. ഡിഗ്രി എടുത്ത പെൺകുട്ടികൾ ജോലിക്ക് പോകണം എന്ന് പറയുവാനുള്ള സാധ്യത കൂടുതലാണ്. ജോലിക്ക് പോയാൽ ശമ്പളം കിട്ടും. അങ്ങനെ ശമ്പളം കിട്ടിയാൽ പെൺകുട്ടികൾ ആരെയും ആശ്രയിക്കാതെ ജീവിക്കാനുള്ള സ്വയംപര്യാപ്തത കൈവരിക്കും. ഇത് ഒരിക്കലും അനുവദിച്ചു കൊടുക്കരുത്. വിവാഹം കഴിഞ്ഞ് പെൺകുട്ടികളുടെ ജീവിതം ഭർത്താവിൻ്റെ കാൽച്ചുവട്ടിലാണ് എന്ന് പെൺകുട്ടികളെ പറഞ്ഞു പഠിപ്പിക്കുക. വാത്സല്യം, വേഷം, ഞങ്ങൾ സന്തുഷ്ടരാണ് തുടങ്ങിയ സിനിമകൾ പല ആവർത്തി കാണിച്ചുകൊടുക്കുക. എന്നിട്ടും നല്ല ബുദ്ധി വെക്കാത്ത പെൺകുട്ടികളെ സാന്ത്വനം സീരിയൽ നിർബന്ധിച്ചു കാണിപ്പിക്കുക.
മൂന്ന് – പെൺകുട്ടികളെ സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കുവാൻ അനുവദിക്കരുത്. ഏറ്റവും അപകടകരമായ ഒരു കാര്യമാണ് ഇത്. പെൺകുട്ടികൾ സ്വന്തം കാലിൽ നിൽക്കാൻ തുടങ്ങിയാൽ പിന്നെ അവർ സ്വന്തമായി ചിന്തിച്ചു തുടങ്ങും. ആരെയും ആശ്രയിക്കാതെ ജീവിക്കാമെന്ന് കോൺഫിഡൻസ് അവർക്ക് വരും. ദൈവമായി കാണേണ്ട ഭർത്താവിനെ അവർ പിന്നീട് വെറും ഭർത്താവായി മാത്രം കാണും. വീട്ടിലെ പണികളെല്ലാം എടുക്കാൻ ജോലിക്കാരനെ വെക്കണമെന്ന് വാശിപിടിക്കും. അഞ്ചിൽ കൂടുതൽ കുട്ടികളെ പ്രസവിക്കാൻ പറ്റില്ല എന്ന് കണ്ടീഷൻ വെക്കുവാനും സാധ്യതയുണ്ട്. മേൽപ്പറഞ്ഞ കാര്യങ്ങൾ എല്ലാം കൃത്യമായി പാലിച്ചാൽ പെൺകുട്ടികളെ എന്നും നമുക്ക് വീട്ടിൽ തന്നെ ഇരുത്താം.