കുറച്ചുദിവസങ്ങൾക്കു മുന്നേയാണ് സൗത്ത് ഇന്ത്യൻ സൂപ്പർതാരം സാമന്ത തന്റെ രോഗവിവരം വെളിപ്പെടുത്തിയത്.
തനിക്ക് മയോസിറ്റിസ്(Myositis) എന്ന രോഗം ബാധിച്ച വിവരം സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു ആരാധകരെ അറിയിച്ചത്.
ഏതാനും മാസങ്ങൾക്ക് മുമ്പാണ് രോഗം സ്ഥിരീകരിച്ചതെന്നും ഭേദമായ ശേഷം എല്ലാവരോടും പറയാമെന്നാണ് കരുതിയതെന്നും എന്നാൽ താൻ വിചാരിച്ചതിനെക്കാളും രോഗം മുന്നോട്ട് പോകുകയാണെന്നുമാണ് സാമന്ത അന്ന് പറഞ്ഞിരുന്നത്.
പ്രിയ താരത്തിന്റെ വെളിപ്പെടുത്തൽ ആരാധകർക്ക് ഞെട്ടൽ ആയിരുന്നു ഉണ്ടാക്കിയത്. പിന്നാലെ പ്രിയ താരം ആരോഗ്യം വീണ്ടെടുത്ത് തിരിച്ചുവരാനായി നിരവധി പേരാണ് ആശംസകളും പ്രാർത്ഥനകളുമായി രംഗത്തെത്തിയത്.
ഇന്ത്യൻ സിനിമയിലെ പല താരങ്ങളും സാമന്തക്ക് രോഗ സൗഖ്യം നേർന്നിരുന്നു. ഇപ്പോഴിതാ തന്റെ രോഗത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പങ്കുവച്ച് എത്തിയിരിക്കുകയാണ് താരം.
പുതിയ സിനിമ യാശോദയുടെ പ്രൊമോഷന്റെ ഭാഗമായി സംസാരിക്കുമ്പോൾ ആയിരുന്നു സാമന്ത രോഗത്തിന്റെ കൂടുതൽ വിവരങ്ങൾ പങ്കുവച്ചത്.
ജീവിതത്തിൽ ഇനി താൻ എഴുന്നേറ്റ് നടക്കില്ലെന്ന് തോന്നിയ അവസ്ഥ വരെ എത്തിയിരുന്നുവെന്ന് ആണ് സാമന്ത പറയുന്നത്. രോഗം അതിജീവിച്ചതിനെ കുറിച്ച് ഓർക്കുമ്പോൾ അത്ഭുതം തോന്നുന്നുവെന്നും സാമന്ത പറഞ്ഞു. രോഗ അവസ്ഥയെ കുറിച്ചു പറയുമ്പോൾ സാമാന്തയുടെ കണ്ണുനിറഞ്ഞ് ഒഴുകുന്നതും വിഡിയോയിൽ കാണാം.
സമാന്തയുടെ വാക്കുകൾ ഇങ്ങനെ
ഇനിയൊരു ചുവട് മുന്നോട്ട് വയ്ക്കാന്‍ എനിക്ക് പറ്റില്ലെന്ന് തോന്നിയ അവസ്ഥ എനിക്കുണ്ടായി. പക്ഷേ തിരിഞ്ഞു നോക്കുമ്പോള്‍ ഞാന്‍ ഇത്രയും ദൂരം പിന്നിട്ടോ, ഇത്രയും ഞാന്‍ കടന്ന് വന്നോ എന്ന് അദ്ഭുതം തോന്നുകയാണ്.
അതൊരു യുദ്ധം ആയിരുന്നു. ജീവന് ഭീഷണി ഉണ്ടായില്ല. ഞാന്‍ മരിച്ചിട്ടില്ല. പലപ്പോഴും കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ ബുദ്ധിമുട്ടായിരുന്നു. ചിലദിവസങ്ങളിൽ പോരാടണമെന്ന് തോന്നും. ആ തോന്നൽ ഓരോ ദിവസവും കൂടി വന്നു.
ഉയർന്ന ഡോസിലുള്ള മരുന്നുകളിലും ഡോക്ടർമാർക്കടുത്തേക്കുള്ള അവസാനിക്കാത്ത യാത്രകളിലും ദിനങ്ങൾ മുഴുകി. ചില സാഹചര്യങ്ങളിൽ പരാജയപ്പെടുന്നതിൽ കുഴപ്പമില്ല. എല്ലായ്പ്പോഴും സമയം നമുക്ക് അനുകൂലമായിക്കൊള്ളണമെന്നില്ലല്ലോ.-എന്നായിരുന്നു സാമന്ത കണ്ണുനിറഞ്ഞുകൊണ്ട് പറഞ്ഞത്.
അതേസമയം ശരീരത്തിലെ പേശികളെ ദുര്‍ബലപ്പെടുത്തുന്ന ഓട്ടോ ഇമ്മ്യൂണ്‍ രോഗമാണ് സമാന്തയ്ക്ക് ബാധിച്ചത്. മയോസിറ്റിസ് രോഗം ബാധിച്ച വ്യക്തിയുടെ എല്ലുകള്‍ക്ക് ബലക്ഷയം സംഭവിക്കുകയും വേദന അനുഭവപ്പെടുകയും ചെയ്യുന്നു. ഇത് കാലക്രമേണ വഷളാകുകയും നടക്കുന്നതിനിടെ കാലിടറി വീഴുകയോ, കുറച്ചുദൂരം നടക്കുമ്പോഴേക്കും ക്ഷീണം അനുഭവപ്പെടുകയോ ചെയ്യും.