കോഴിക്കോട് ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും വിവാഹിതരായി. തിരുവനന്തപുരത്ത് എകെജി സെൻട്രൽ വച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്. തീർത്തും ലളിതമായിട്ടാണ് വിവാഹം നടന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബസമേതം ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
മന്ത്രി പി എ മുഹമ്മദ് റിയാസ്, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തുടങ്ങിയവരും ചടങ്ങിനെത്തി. ഇവരുടെയും വിവാഹ ക്ഷണക്കത്തിൽ തന്നെ ചടങ്ങുകൾ ലളിതമായിരിക്കും എന്ന് സൂചിപ്പിച്ചിരുന്നു. അതുപോലെതന്നെ യാതൊരു കാരണവശാലും വിവാഹത്തിന് സമ്മാനങ്ങൾ കൊണ്ടുവരരുത് അത് സ്വീകരിക്കില്ല എന്നും പറഞ്ഞിരുന്നു. സ്നേഹോപഹരങ്ങൾ നൽകണമെന്നുള്ളവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലോ അതല്ലെങ്കിൽ മറ്റുള്ള സ്ഥലങ്ങളിലോ നൽകണമെന്നും ഇരുവരും അറിയിച്ചിരുന്നു.
സംസ്ഥാന നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് സച്ചിൻ ദേവ്. രാജ്യത്തെ പ്രായം കുറഞ്ഞ മേയർ ആണ് ആര്യ.ബാലസംഘം മുതൽ ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ഇതാണ് വിവാഹത്തിൽ എത്തിയത്.കോഴിക്കോട് നെല്ലികൊട് സ്വദേശിയാണ് സച്ചിൻ ദേവ്.
സി പി എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗവുമാണ് ഇദ്ദേഹം . ഇരുപത്തിയൊന്നാം വയസിലാണ് ആര്യ മേയർ ആവുന്നത്. എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗമാണ്. വിവാഹ ചടങ്ങുകൾ ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു.