കേരള മുഖ്യമാന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ കമ്പനിയായ എക്സാലോജിക്കിനെതിരെയുള്ള കേന്ദ്ര സർക്കാരിന്റെ അന്വേഷണത്തിൽ പ്രതികരിക്കാതെ മന്ത്രി പിഎ മുഹമ്മദ് റിയാസ്. അന്വേഷണവുമായി ബന്ധപ്പെട്ടുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ റിയാസ് ഒഴിഞ്ഞുമാറിയപ്പോൾ കേന്ദ്ര അന്വേഷണം അറിഞ്ഞിട്ടില്ലെന്നായിരുന്നു എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ്റെ പ്രതികരണം. എക്സാലോജികിനെതിരായ അന്വേഷണം അറിയില്ല. നോക്കിയിട്ട് പറയാമെന്നും ഇപി തിരുവനന്തപുരത്ത് പ്രതികരിച്ചു.
അതെ സമയം വിശദമായ അന്വേഷണത്തിന് മൂന്നംഗ ഉന്നത ഉദ്യോഗസ്ഥ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നാല് മാസത്തിനുള്ളില്‍ അന്തിമ അന്തിമ റിപ്പോര്‍ട്ട് നല്‍കണം. മാസപ്പടി വിവാദത്തിലെ ആദായ നികുതി ബോര്‍ഡിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. അന്വേഷണ ഉത്തരവ് ലഭിച്ചു. കരിമണല്‍ കമ്പനിയായ സി.എം.ആര്.എല്ലിനെതിരെയും പൊതുമേഖലാ സ്ഥാപനമായ വ്യവസായ വികസന കോര്‍പറേഷനെതിരെയും അന്വേഷണമുണ്ട്. എക്സാലോജിക് കമ്പനി നിരവധി നിയമ ലംഘനങ്ങള്‍ നടത്തിയെന്ന് ഉത്തരവില്‍ പറയുന്നു.
രജിസ്ട്രാര്‍ ഓഫ് കമ്പനീസ് ബംഗളുരു നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഇത് വ്യക്തമായതോടെയാണ് വിശദമായ അന്വേഷണത്തിന് ഉത്തരവായത്. ആരോപണങ്ങള്‍ക്ക് അവ്യക്തവും ഒഴിഞ്ഞു മാറുന്നതുമായ മറുപടികളാണ് സി.എം.ആര്.എല്‍ എറണാകുളത്തെ രജിസ്ട്രാര്‍ ഓഫ് കമ്പനീസിന് നല്‍കിയത്. മറുപടി നല്കാന് പോലും കെ.എസ്.ഐ.ഡി.സി തയാറായില്ല. മൂന്നു സ്ഥാപനങ്ങളുടെയും മുഴുവന്‍ ഇടപാടുകളും വിശദമായി അന്വേഷിക്കാന്‍ ഉത്തരവിൽ നിര്‍ദ്ദേശിച്ചിട്ടുണ്ട്.