തന്റെതായ നിലപാട് വ്യക്തിമാക്കാറുള്ള നടിയാണ് റിമ കല്ലിങ്കല്‍. ഇപ്പോള്‍ റീജിയണല്‍ ഐഎഫ്എഫ്കെയില് പങ്കെടുക്കവെ നടി പറഞ്ഞ വാക്കുകളാണ് വൈറല്‍ ആവുന്നത്. സിനിമാ മേഖലയിലെ സ്ത്രീകള്‍ ഏതെങ്കിലും തരത്തിലുള്ള പ്രശ്നം നേരിടേണ്ടി വന്നാല്‍ അത് പറയാന്‍ കേരളം പോലൊരു സംസ്ഥാനത്ത് ഇത്രയും കാലമായി ഒരിടം ഉണ്ടായിരുന്നില്ല എന്നത് അവിശ്വസനീയമാണെന്ന് റിമ പറഞ്ഞത്. എല്ലാവരും ഉറ്റു നോക്കുന്നൊരു സംസ്ഥാനത്ത് പണ്ടേ ഇത് വരേണ്ടതായിരുന്നുവെന്നും റിമ കൂട്ടിച്ചേര്‍ത്തു.
ഇന്റേണല്‍ കമ്മിറ്റി എന്നത് വളരെ എളുപ്പം നടപ്പിലാക്കാവുന്നതാണ്. ഇന്റേണല്‍ കമ്മിറ്റി എന്ന ആശയം ചര്‍ച്ച ചെയ്ത് തുടങ്ങുന്ന സമയത്ത് വൈറസ് എന്ന സിനിമയില്‍ തങ്ങള്‍ ഒരു ഐസി രൂപീകരിക്കുകയും അത് നടപ്പിലാക്കുകയും ചെയ്തതാണ്. ഏറ്റവും എളുപ്പത്തില്‍ ചെയ്യാവുന്ന ഒരു കാര്യമാണിത്. മൂന്നേ മൂന്ന് ആളുകളെ കൃത്യമായി കണ്ടെത്തണം. അതിലൊരാള്‍ ആക്ടിവിസ്റ്റായിരിക്കണം, സ്ത്രീയായിരിക്കണം, നിയമവശങ്ങള്‍ അറിയുന്ന മുതിര്ന്നൊരാളായിരിക്കണം, റിമയുടെ വാക്കുകള്‍.
നമ്മള് ഒരുപാട് പേരെ ഒരുമിച്ചുകൊണ്ടുവരുന്ന തൊഴിലിടം കളങ്കരഹിതമാകണം എന്ന മാനസികാവസ്ഥയേ വേണ്ടു. ലൈംഗിക അതിക്രമം എന്നതില്‍ മാതം ഇത് ഒതുക്കി നിര്‍ത്തേണ്ട ആവശ്യമില്ല. ആര്‍ക്കും മോശം അനുഭവമുണ്ടായാല്‍ പറയാനൊരിടം. കേരളം പോലെ എല്ലാവരും ഉറ്റുനോക്കുന്നൊരു സംസ്ഥാനത്ത് ഇത് ഇല്ലായിരുന്നുവെന്നത് അവിശ്വസനീയമാണെന്നും നമ്മളിത് പണ്ടേ ചെയ്യേണ്ടതായിരുന്നുവെന്നും റിമ പറഞ്ഞു.
ഒരു സിനിമ സെറ്റിലെ പാക്കപ്പ് ചിത്രം നോക്കിയാല്‍ കാണാം അതില്‍ 99 ശതമാനവും പുരുഷന്മാരായിരിക്കും. ഒന്നോ രണ്ടോ സ്ത്രീകളേ കാണൂ. അതുകൊണ്ടാണ് അവര്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുത്തുകൊണ്ട് വൈശാഖ ഇന്റേണല്‍ കമ്മിറ്റിക്കുള്ള മാര്‍ഗ്ഗ നിര്ദ്ദേശമുണ്ടാക്കുകയുണ്ടായത്. എങ്കിലും ഐ.സി വേണമെന്ന് പറഞ്ഞുകൊണ്ട് ഡബ്ലുസിസി സമ്മര്‍ദ്ദം ചെലുത്തുന്നത് ഈ മേഖലയിലെ എല്ലാ തൊഴിലാളികള്‍ക്കും വേണ്ടിയാണെന്നും റിമ പറഞ്ഞു.