മലയാളികളുടെ പ്രിയതാരമാണ് രമേഷ് പിഷാരടി. മിമിക്രിയിലൂടെ മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും എത്തിയ രമേഷ് പിഷാരടി അഭിനയം കൂടാതെ സംവിധായകനും ഗായകനുമായും തിളങ്ങിയിട്ടുണ്ട്.
ചുരുങ്ങിയ കാലം കൊണ്ടുതന്നെ സിനിമയില്‍ തന്റേതായൊരു സ്ഥാനം കണ്ടെത്താന്‍ കഴിഞ്ഞ പിഷാരടിക്ക് നിരവധി ആരാധകരുമുണ്ട്. സിനിമ തിരക്കുകള്‍ക്കിടയിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം.
ഇതിലൂടെ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിത താരം പങ്കുവച്ചിരിക്കുന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
ചെറുപ്പക്കാലത്ത് ബാബു ആന്റണിയുടെ കടുത്ത ആരാധകന് ആയിരുന്നു താനെന്ന് പറയുകയാണ് രമേഷ് പിഷാരടി. ബാബു ആന്റണിയ്ക്ക് ഒപ്പമുള്ള വീഡിയോ പങ്കുവച്ചുകൊണ്ടാണ് പിഷാരടി ഇക്കാര്യം പറഞ്ഞത്.
View this post on Instagram
പണ്ട് മുതല്‍ ഡയറി എഴുതുന്ന ശീലമുണ്ടായിരുന്ന താന്‍, ഡയറി മറ്റാരും വായിക്കാതിരിക്കാന്‍ ബാബു ആന്റണിയുടെ ഫോട്ടോ കവറില്‍ ഒട്ടിച്ചു വച്ചിരുന്നുവെന്നും. ഇത് ആരെങ്കിലും എടുത്താല്‍ ബാബു ആന്റണി വന്ന് ഇടിക്കും എന്ന് എഴുതി വച്ചിരുന്നെന്നും പിഷാരടി പറയുന്നു.
28 വര്‍ഷം പഴക്കമുള്ള ആ ഡയറി താന്‍ ഇപ്പോഴും സൂക്ഷിച്ചു വച്ചിട്ടുണ്ടെന്നും രമേഷ് പിഷാരടി വീഡിയോയില്‍ പറയുന്നു.’28 വര്‍ഷം പഴക്കമുള്ള ഡയറി. പലതും കഥകള്‍ മാത്രമല്ല അനുഭവങ്ങള്‍ തന്നെ ആണ്.. ചില സാഹചര്യങ്ങളില്‍ അതിനു മധുരം കൂടും..അങ്ങനെ ഒരു മധുരം പങ്ക് വയ്ക്കുന്നു’, എന്നാണ് വീഡിയോയ്ക്ക് പിഷാരടി നല്കിയ ക്യാപ്ഷന്‍.
രമേഷ് പിഷാരടിയുടെ വീഡിയോയില്‍ പറയുന്ന വാക്കുകള്‍
1995 കാലഘട്ടത്തില്‍ ബാബു ആന്റണി ചേട്ടന് വര്‍ഷത്തില്‍ 8, 9 സിനിമകളൊക്കെ അഭിനയിച്ചിരുന്നു. അന്ന് ഞാന്‍ അദ്ദേഹത്തിന്റെ കൊടും ഫാന്‍ ആണ്. അദ്ദേഹത്തെ പോലെ മുടി വളര്‍ത്തണമെന്നുണ്ട്. പക്ഷേ എന്റേത് ചുരുണ്ട മുടി ആയതുകൊണ്ട് ബാക്കിലേക്ക് വളരില്ല,
മുടി വളര്‍ത്തിയാല്‍ മുകളിലേക്ക് പൊങ്ങിയേ നില്ക്കൂ. അങ്ങനെ മുടി വളര്‍ത്താന്‍ കഴിയാത്ത സങ്കടമുണ്ടായിരുന്നു. 95 മുതല്‍ ഇന്നലെ വരെ ദിവസവും ഡയറി എഴുതുന്ന പതിവുണ്ട്. ഞാന്‍ എപ്പോഴും ഡയറി എഴുതും.
ഞങ്ങള്‍ അഞ്ചു മക്കളാണ് വീട്ടില്‍. സഹോദരങ്ങള്‍ എന്റെ ഡയറി എടുത്ത് വായിക്കാതിരിക്കാന്‍ ബുക്കിന്റെ കവറില്‍ ബാബു ചേട്ടന്റെ ഒരു പടം വെട്ടിയെടുത്ത് ഒട്ടിച്ചു വച്ചിട്ട് ”ഇത് രമേഷിന്റെ ഡയറിയാണ്.
ഇത് എടുത്താല്‍ അറിയാല്ലോ ഞാന്‍ വരും വന്നു നിങ്ങളെ ഇടിക്കും” എന്ന് എഴുതി വച്ചിരുന്നു. അന്ന് മനസ്സില്‍ എന്റെ രക്ഷകനാണ് ബാബുച്ചേട്ടന്. ഇതൊരു അതിശയോക്തി അല്ല, ആ ഡയറി ഇപ്പോഴും ഞാന്‍ സൂക്ഷിച്ചു വച്ചിട്ടുണ്ട്.-എന്നും വീഡിയോയില്‍ രമേഷ് പിഷാരടി പറയുന്നു.