പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ് ചിത്രം ആര്. ആര്. ആര്. സിനിമയിലെ ഓരോ കഥാപാത്രങ്ങളെ കുറിച്ചും ആരാധകര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. തങ്ങള്‍ക്ക് ലഭിച്ച വേഷങ്ങള്‍ അതിമനോഹരം ആയിട്ടാണ് ഓരോ താരങ്ങളും അവതരിപ്പിച്ചത്. പ്രതീക്ഷിച്ചതുപോലെ വിജയ സ്ഥാനത്ത് എത്തിയതിന്റെ സന്തോഷത്തിലാണ് സിനിമയുടെ അണിയറപ്രവര്‍ത്തകരും.
സിനിമയിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടനായിരുന്നു രാംചരണ്‍. ഇപ്പോള്‍ ചിത്രത്തിന്റെ വിജയം അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം ആഘോഷിച്ചിരിക്കുകയാണ് ഈ താരം. 10 ഗ്രാം വരുന്ന സ്വര്‍ണനാണയം സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് സമ്മാനിച്ചു കൊണ്ടായിരുന്നു ആഘോഷ പരിപാടി. എസ് എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രത്തിലെ 35 ടെക്നീഷ്യന്മാരെ ആണ് രാംചരണ്‍ ചടങ്ങിന് ക്ഷണിച്ചത് . ഇവിടെനിന്ന് സമ്മാനിച്ച ഓരോ നാണയത്തിലും രാംചരണ്‍ ആര് ആര് ആര് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം ബാഹുബലി ഫ്രാഞ്ചൈസിക്കു ശേഷം രാജമൗലി സംവിധാനം ചെയ്യ്ത ചിത്രം എന്നതാണ് ആര്‍ആര്‍ആറിന്റെ ഏറ്റവും വലിയ യുഎസ്പി. ബാഹുബലി 2 ഇറങ്ങി അഞ്ച് വര്‍ഷം കഴിയുമ്പോഴാണ് ആര്‍ആര്‍ആര്‍ എത്തുന്നത്.
റീലിസിനു മുമ്പ് തന്നെ കോടികളുടെ ബിസിനസ് ചിത്രം സ്വന്തമാക്കിയത് നേരത്തെ വാര്‍ത്തയായിരുന്നു. കഴിഞ്ഞ 20 വര്‍ഷമായി സിനിമാ രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച ഷിബു തമീന്‍സിന്റെ നേതൃത്വത്തില്‍ റിയാ ഷിബുവിന്റെ എച്ച്ആര്‍ പിക്ചേര്‍സ് ആണ് ആര് ആര് ആര് കേരളത്തില്‍ വിതരണത്തില്‍ എത്തിച്ചത്.