മലയാള സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു പ്രോജക്ട് ആണ് പൃഥ്വിരാജിന്റെ നേതൃത്വത്തിൽ വരാനിരിക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ വെർച്ച്വൽ പ്രൊഡക്ഷൻ സിനിമ. നവാഗതനായ ഗോകുൽ രാജ് ഭാസ്കർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാജിക് ഫ്രെയിംസ് ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രത്തിന്റെ നിർമ്മാണം. ചിത്രത്തെ സംബന്ധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു അപ്ഡേറ്റ് ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ചിത്രത്തിൽ ഒരു നായക കഥാപാത്രം ആയിരിക്കില്ല ഉണ്ടാകുന്നത് എന്നും, തുല്യപ്രാധാന്യമുള്ള മറ്റൊരു താരം കൂടി ചിത്രത്തിൽ എത്തും എന്നാണ് ഏറ്റവും പുതിയ അപ്ഡേറ്റ്. ഈ വേഷം ചെയ്യുന്നത് ആരായിരിക്കും എന്നതിനെ സംബന്ധിച്ച് സ്ഥിരീകരണം ഇല്ലെങ്കിലും തെന്നിന്ത്യൻ സിനിമയിലെ ഒരു പ്രശസ്ത താരത്തെ തന്നെ കൊണ്ടുവരാനാണ് ടീം ശ്രമിക്കുന്നത്. ചിത്രം 5 ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ കേരളത്തിനു പുറത്ത് കുറച്ചുകൂടി സ്വീകാര്യത ലഭിക്കുന്നതിനുവേണ്ടി മറ്റൊരു ഇൻഡസ്ട്രിയിൽ നിന്നുമുള്ള താരം ആയിരിക്കും പൃഥ്വിരാജിനൊപ്പം നായക വേഷത്തിലെത്തുന്നത് എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. അതുകൊണ്ടുതന്നെ ഈ ഭാഷകളിലെ എല്ലാം പ്രശസ്ത താരങ്ങൾ ചിത്രത്തിൽ ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അധികം വൈകാതെ തന്നെ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കാനിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ചിത്രത്തിന് എല്ലാ ഭാഷയിലും ഒരു പേര് തന്നെ ആയിരിക്കുമെന്നും എന്നാൽ അത് എന്താണ് എന്നതിനെ സംബന്ധിച്ച് നിലവിൽ സ്ഥിരീകരണം ഒന്നും ലഭിച്ചിട്ടില്ല എന്നും പറയുന്നു. മൂന്നു പേരുകൾ നിലവിൽ പരിഗണനയിലുണ്ട്, ഫിലിം ചേംബറിൽ നിന്നും അനുവാദം വാങ്ങിയ ശേഷം ആയിരിക്കും പേര് നിർണയിക്കുന്നത്. കൊച്ചി, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലെ പ്രമുഖ ഫിലിം സ്റ്റുഡിയോകളിൽ നിന്നുമായിരിക്കും ചിത്രം ഷൂട്ട് ചെയ്യുന്നത്. ചിത്രം എന്ന് പ്രദർശനത്തിനെത്തും എന്നതിനെ സംബന്ധിച്ചും കൂടുതൽ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.