തിരുവനന്തപുരം: കെപിസിസി ജനറല്‍ സെക്രട്ടറിയും അന്തരിച്ച മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാൽ ബിജെപി അംഗത്വം സ്വീകരിച്ചു.
ഡൽഹിയിലെ ബിജെപി ദേശീയ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ആണ് പത്മജ വേണുഗോപാൽ ബിജെപി അംഗത്വം സ്വീകരിച്ചത്.
ഡൽഹിയിലെത്തിയ പത്മജ, കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവഡേക്കറിന്റെ വീട്ടിലെത്തി ചർച്ച നടത്തിയതിനു പിന്നാലെയാണ് ബിജെപി ആസഥാനത്തെത്തിയത്.
പിന്നാലെ പത്മജയെ സ്വാഗതം ചെയ്ത് കെ സുരേന്ദ്രൻ രംഗത്ത് എത്തി.സുസ്വാഗതം ശ്രീമതി പത്മജാ വേണുഗോപാൽ എന്ന് കെ സുരേന്ദ്രൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.
ശ്രീ. എ. കെ. ആന്റണിയുടെ മകൻ അനിൽ കെ ആന്റണിയെപ്പോലെ ലീഡർ കെ. കരുണാകരന്റെ മകളും ബി. ജെ. പിയിലേക്ക്. കേരളവും ശ്രീ. നരേന്ദ്രമോദിയോടൊപ്പം മുന്നോട്ട്. ദേശീയതയിലേക്ക് സ്വാഗതം എന്നും സുരേന്ദ്രൻ കുറിച്ചു.
കോൺഗ്രസ് സ്ഥാനാർത്ഥിയായി 2004ൽ മുകുന്ദപുരത്തു നിന്നും ലോക്സഭയിലേക്കും തൃശൂർ നിന്ന് 2021 ൽ നിയമസഭയിലേക്കും മത്സരിച്ച് പത്മജ പരാജയപ്പെട്ടിരുന്നു.