മലയാളത്തിലെ യുവതാരങ്ങളില്‍ വലിയ ആരാധകരുള്ള താരമാണ് നിവിന്‍ പോളി. അടുത്ത കാലത്തായി സിനിമകളുടെ തിരഞ്ഞെടുപ്പില്‍ ഏറ്റവും അധികം വ്യത്യസ്ത പുലര്‍ത്തുന്ന താരം കൂടിയാണ് നിവിന്‍.
തന്റെ സേഫ് സോണ്‍ വിട്ട് പുറത്ത് വന്ന് സിനിമകള്‍ ചെയ്തു കൊണ്ടിരിക്കുകയാണ് നിവിനിപ്പോള്‍. അടുത്ത കാലത്തായി പുറത്തിറങ്ങിയ
കനകം കാമിനി കലഹം മഹാവീര്യര്‍ എല്ലാം ഇതിന് ഉദാഹരണങ്ങളാണ്.
നിവിന്റെ ഏറ്റവും പുതിയ ചിത്രവും ഈ സേഫ് സോണിന് പുറത്തുള്ള ചിത്രമാണ്. നവാഗതനായ ലിജു കൃഷ്ണ രചനയും സംവിധാനവും നിര്‍വഹിക്കുന്ന പടവെട്ട് ഇന്നാണ് തീയറ്ററില്‍ എത്തിയത്.
മികച്ച പ്രതികരണമാണ് ആദ്യ പ്രദര്‍ശനം മുതല്‍ ചിത്രം നേടി കൊണ്ടിരിക്കുന്നത്. പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം,
നിവിന്‍ പോളിയുടെ ഫിലിമോഗ്രഫിയില്‍ വേറിട്ടുനില്‍ക്കുന്ന സിനിമയാണ് എന്നാണ് ചിത്രം കണ്ട പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്.
കോറോത്ത് വീട്ടില്‍ രവി എന്ന കഥാപാത്രമായിട്ടാണ് നിവിന്‍ എത്തുന്നത്. ചെറുപ്പ കാലത്ത് മികച്ച ഒരു കായിക താരമായിരുന്നു രവി. ട്രാക്കില്‍ ഭാവിയിലെ മിന്നും താരമെന്ന് കായികലോകം കരുതിയ രവിക്ക് വിദ്യാര്‍ഥിയായിരുന്നപ്പോള്‍ ഒരു വാഹനാപകടത്തെ നേരിടേണ്ടിവന്നിരുന്നു.
ഇതോടെ രവിക്ക് ട്രാക്ക് ഉപേക്ഷിക്കേണ്ടി വരുന്നു. ഇതോടെ പ്രത്യേകിച്ച് ലക്ഷ്യമൊന്നുമില്ലാതെ ഒരാളായി രവി മാറുകയായിരുന്നു. നാട്ടുകാരുടെയും വീട്ടുകാരുടെയും പരിഹാസങ്ങള്‍ക്കു നടുവില്‍ ജീവിച്ചു പോരുകയായിരുന്നു രവി.
എന്നാല്‍ ഇതിനിടയ്ക്ക് പ്രാദേശികമായ ചില സംഭവങ്ങളില്‍ രവിക്ക് ഇടപെടേണ്ടിവരുന്നു. അതയാളെ രാഷ്ട്രീയപരമായി ആഴത്തില്‍ സ്വാധീനിക്കുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്.
ചിത്രത്തിന്റെ കഥ പറയുന്നതില്‍ ലിജു കൃഷ്ണ കൈയ്യടി അര്‍ഹിക്കുന്നുണ്ട്. അവതരണം റിയലിസ്റ്റിക് ആയിരിക്കുമ്പോള്‍ത്തന്നെ ഡ്രാമയുടെ ഘടകങ്ങള്‍ സിനിമാറ്റിക് ആയി കോര്‍ത്തെടുത്താണ് ലിജുവിന്റെ കഥ പറച്ചില്.
മലബാറിന്റെ ഗ്രാമ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ അവിടുത്തെ ഭാഷയും അനുഷ്ഠാനങ്ങളും മിത്തുകളുമൊക്കെ കൂടി ചേരുന്നുണ്ട്. ലിജു കൃഷ്ണ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
സിനിമയിലെ എല്ലാ കഥാപാത്രങ്ങള്‍ക്കും വ്യക്തിത്വം നല്‍കിയിട്ടുണ്ട് എന്നതാണ് ലിജു കൃഷ്ണയുടെ തിരക്കഥയുടെ പ്രത്യേകത.രവിക്കൊപ്പം ജീവിക്കുന്ന ചെറിയമ്മ പുഷ്പയായി രമ്യ സുരേഷ്, സുധീഷിന്റെ ഗോവിന്ദന്, ദാസന് കൊങ്ങാടിന്റെ പൊക്കന്‍ തുടങ്ങി ഒരു സീനില്‍ വന്നുപോകുന്ന ജാഫര്‍ ഇടുക്കിയുടെ മൃഗ ഡോക്ടര്‍ക്കുവരെ സിനിമയില്‍ പ്രാധാന്യമുണ്ട്.
എടുത്ത് പറയേണ്ടത് ഷമ്മി തിലകന്റെ പ്രകടനമാണ്. നിവിന്‍ ഒപ്പം തന്നെ ഷമ്മി തിലകന് സ്കോര്‍ ചെയ്യുന്നു. നെഗറ്റീവ് ഷെയ്ഡ് ഉള്ള കുയ്യാലി എന്ന കഥാപാത്രമായിട്ടാണ് ഷമ്മി എത്തുന്നത്. വലിയ രാഷ്ട്രീയ മോഹങ്ങളുള്ള, വ്യവസായിയും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവുമായ കുയ്യാലിയെ ഗംഭീരമായിട്ടാണ് ഷമ്മി അവതരിപ്പിച്ചിരിക്കുന്നത്.
ദീപക് ഡി മേനോന്റെ ഛായാഗ്രഹണവും ഗോവിന്ദ് വസന്തയുടെ സംഗീതവുമാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ്. ചിത്രത്തിന്റെ മൂഡ് എന്താണോ ആ നിലയിലേക്ക് ചിത്രത്തിനെ ഉയര്‍ത്തിയതില്‍ ക്യാമറയ്ക്കും സംഗീതത്തിനും വലിയ പങ്കുണ്ട്.
ഗൌരവമുള്ള ഉള്ളടക്കം ആണ് പടവെട്ട് പറയുന്നത്. ഗൗരവമുള്ള വിഷയം പറയുമ്പോഴും ഒരു എന്റെര്‍ടെയ്നറായി ചിത്രം നില്‍ക്കുന്നുണ്ട് എന്നതാണ് സിനിമയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ്.