നിവിന്‍ പോളി കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് തുറമുഖം. സിനിമക്കായുള്ള ആരാധകരുടെ ഏറേ നാളത്തെ കാത്തിരിപ്പിന് അവസാനമിട്ട് ചിത്രം തീയറ്ററുകളിലേക്ക് എത്തുകയാണ്.
രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവിന്‍ പോളിയാണ് നായകന് എന്നായിരുന്നു ഇതുവരെ എല്ലാവരും കരുതിയിരുന്നത്. എന്നാലിപ്പോള്‍
തുറമുഖ’ത്തില്‍ താന്‍ അവതരിപ്പിക്കുന്നത് ആന്റി ഹീറോ കഥാപാത്രമാണെന്ന് പറയുകയാണ് നടന് നിവിന്‍ പോളി.
ചിത്രത്തിന്റെ പ്രമോഷനുമായി സംസാരിക്കുമ്പോഴായിരുന്നു നിവിന്റെ വെളിപ്പെടുത്തല്‍. ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അര്ജുന് അശോകനാണെന്നും നിവിന്‍ പോളി പറഞ്ഞു.
തുറമുഖം മനോഹരമായ ഒരു എക്സ്പീരിയന്‍സ് ആയിരുന്നുവെന്നും ഇതൊരു രാജീവ് രവി ചിത്രമാണെന്നും നിവിന്‍ പോളി പറഞ്ഞു. നിവിന്‍ പോളിക്ക് പുറമേ ജോജു ജോര്‍ജ്, ഇന്ദ്രജിത് സുകുമാരന്‍, നിമിഷ സജയന്, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്ജുന് അശോകന്, ദര്‍ശന രാജേന്ദ്രന്, സുദേവ് നായര്‍, മണികണ്ഠന് ആചാരി, ശെന്തില്‍ കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
രാജീവ് രവി തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നത്. തുറമുഖത്തിന് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത് ഗോപന് ചിദംബരനാണ്. എഡിറ്റര്‍ – ബി. അജിത്കുമാര്‍, കലാസംവിധാനം – ഗോകുല്‍ ദാസ്, സംഗീതം – ഷഹബാസ് അമന്
ചിത്രീകരണം പൂര്‍ത്തിയായ സിനിമ ഏറേ നാളായി റിലീസിന് കാത്ത് കിടക്കുകയായിരുന്നു. തുറമുഖത്തിന്റെ റിലീസ് വൈകിയതുമായി ബന്ധപ്പെട്ടും നിവിന്‍ പോളി പ്രതികരിച്ചു.
നിര്‍മാതാവിന്റെ പ്രശ്നങ്ങളാണ് സിനിമ വൈകാന്‍ കാരണമെന്നാണ് നിവിന്‍ പറഞ്ഞത്. തുറമുഖം ഇത്ര പ്രശ്നത്തിലേക്ക് പോകേണ്ട സിനിമയായിരുന്നില്ല. സംവിധായകന് രാജീവ് രവിയായാലും സ്വപ്ന പദ്ധതിയായി ചെയ്ത ചിത്രമായിരുന്നു.
ഇത്തരം ഒരു വലിയ സിനിമ ഏറ്റെടുക്കുമ്പോള്‍ അതിനോട് മാന്യത കാണിക്കേണ്ടതായിരുന്നുവെന്നും നിവിന്‍ പറഞ്ഞു. ഇറങ്ങാതിരുന്ന സിനിമ അവസാന നിമിഷത്തില്‍ ലിസ്റ്റിന് സ്റ്റീഫനാണ് ഏറ്റെടുത്തത്.