മലയാളത്തിലെ ഉയർന്നുവരുന്ന നടിയാണ് നിമിഷ സജയൻ. വളരെ കുറച്ച് ചിത്രങ്ങൾ മാത്രമേ ചെയ്തിട്ടുള്ളൂ എങ്കിലും ഇതിനകം തന്നെ താരം ഏറെ ശ്രദ്ധ നേടുന്ന ഒരുപിടി കഥാപാത്രങ്ങൾ ചെയ്തു ഫലിപ്പിച്ചിട്ടുണ്ട്. ഒരു കഴിവുറ്റ കലാകാരിയാണ് നിമിഷ എന്ന കാര്യത്തിൽ തർക്കമില്ല. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് നിമിഷ അഭിനയരംഗത്ത് അരങ്ങേറുന്നത്. ദിലീഷ് പോത്തൻ ഒരുക്കിയ ചിത്രമാണ് ഇത്.
സൂപ്പർഹിറ്റായിരുന്നു ഈ ചിത്രം. ഫഹദ് ഫാസിൽ, സുരാജ് വെഞ്ഞാറമൂട് എന്നിവർ മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പിന്നീട് താരത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല എന്നതാണ് സത്യം. ചലച്ചിത്രമേഖലയിൽ വ്യത്യസ്ത ശൈലി പിന്തുടരുന്ന നടി ആണ് താൻ എന്ന് നിമിഷ തെളിയിച്ചു. തിരക്കേറിയ നടിയാണ് നിമിഷ ഇന്ന്. കേരള സംസ്ഥാന സർക്കാരിൻറെ മികച്ച നടിക്കുള്ള പുരസ്കാരവും നിമിഷ നേടിയിട്ടുണ്ട്. പുതിയ ചിത്രമായ തുറമുഖത്തിൽ നിമിഷ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നിവിൻ പോളിയാണ് ചിത്രത്തിൽ നായകൻ.
ഇപ്പോഴിതാ മറാത്തി ചിത്രത്തിൽ തിളങ്ങാൻ ഒരുങ്ങുകയാണ് നിമിഷ. ഹവ്വഹവ്വായ് എന്ന ചിത്രത്തിലൂടെയാണ് താരം മറാത്തിയിൽ അരങ്ങേറുന്നത്. ഇതിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ താരം തന്നെ പുറത്തു വിട്ടിട്ടുണ്ട്. മഹേഷ് തിലേക്കർ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.മഹേഷ് തന്നെയാണ് ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത്.
മഹേഷും വിജയ് ഷിൻഡയും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നെങ്കിലും മറ്റു വിവരങ്ങളൊന്നും ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ആഷ ബോസ്ലെ ചിത്രത്തിൽ ഗാനം ആലപിച്ചിട്ടുണ്ട്. എന്തായാലും മലയാളി പ്രേക്ഷകർ പ്രതീക്ഷയോടെയാണ് ഇതിനുവേണ്ടി കാത്തിരിക്കുന്നത്.