മലയാളചലച്ചിത്രങ്ങളില്‍ ഹാസ്യ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് കല്‍പ്പന. ഇതിന് പിന്നാലെ മറ്റു കഥാപാത്രങ്ങളും ഈ നടി പരീക്ഷിച്ചിരുന്നു. തനിച്ചല്ല ഞാന്‍ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള അറുപതാമത് ദേശീയ ചലച്ചിത്രപുരസ്കാരം താരത്തിന് ലഭിച്ചു. ഇന്നേക്ക് ആറ് വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുകയാണ് കല്‍പ്പന വിടവാങ്ങിയിട്ട് . 2016 ജനുവരി 25 നാണ് നടി അന്തരിച്ചത്.
ഇപ്പോഴിതാ കല്പ്പനയുടെ ചരമവാര്‍ഷിക ദിനത്തില്‍ നീലിമ മേനോന് എന്ന സിനിമാസ്വാദക ഫേസ്ബുക്കില്‍ കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അഞ്ജലി മേനോന് സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡെയ്സ് എന്ന സിനിമയില്‍ കല്‍പ്പന അവതരിപ്പിച്ച കുട്ടന്റെ അമ്മക്കഥാപാത്രത്തെ കുറിച്ചാണ് നീലിമയുടെ കുറിപ്പില്‍ പരാമര്‍ശിക്കുന്നത്.
കല്പനയുടെ ഏറ്റവും ഇഷ്ടപ്പെട്ട പ്രകടനം ബാംഗ്ലൂര്‍ ഡേയ്സിലായിരുന്നു. കുട്ടന്റെ അമ്മയിലൂടെ കല്‍പ്പന തന്നിലേക്ക് ഒരു പുതിയ മുഖം അനാവരണം ചെയ്യുകയായിരുന്നു. പ്രായോഗികമായി ചിന്തിക്കുന്ന ഒരു സ്ത്രീയാണ് കുട്ടന്റെ അമ്മ. വിവരക്കേട് ഒട്ടും തന്നെ ഇല്ലാത്ത ഒരു സ്ത്രീ. അപ്രതീക്ഷിതമായി അവരുടെ ഭര്‍ത്താവ് എല്ലാം ഇട്ടെറിഞ്ഞ് വീട്ടില്‍ നിന്ന് പോകുമ്പോള്‍ അവര്‍ അതോര്‍ത്ത് കരഞ്ഞിരിക്കുകയായിരുന്നില്ല.
പകരം, ആ സന്ദര്‍ഭത്തെ അവര്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ തീരുമാനിക്കുന്നു. വാതില്‍ പൂട്ടി തന്റെ മകന് കുട്ടനോട് തന്റെ കര്‍മ്മപദ്ധതി പ്രഖ്യാപിക്കുന്ന രംഗം എന്തൊരു രസമാണ്. കൂടാതെ, ഒരു ഗ്രാമത്തിന്റെ പരിധിയില്‍ നിന്ന് ഒരു മഹാനഗരത്തിന്റെ ഭാഗമാകാനുള്ള അവരുടെ പടിപടിയായ രൂപമാറ്റം എന്തൊരു ഇഷ്ടമാണെന്നോ. അവരുടെ ഫ്ലാറ്റ് മേറ്റ്സുമായി റമ്മി കളിയും പിസ ഓര്‍ഡര്‍ ചെയ്യാന്‍ കുട്ടനോട് സാധാരണമായി പറയുകയും ചെയ്യുന്ന ആ രംഗം ഒരിക്കലും മറക്കാനാവില്ലല്ലോ. കുറിപ്പില്‍ പറയുന്നു.