കുറച്ചു നാളുകളായി മോഹൻലാൽ ട്രോളുകൾ ഏറ്റുവാങ്ങി കൊണ്ടിരിക്കുന്നത് മോഹൻലാലിന്റെ താടിയുടെ പേരിലാണ്. ഏത് സിനിമയിൽ വന്നാലും താടി വച്ച് ഒരേ ലുക്ക് എന്നാണ് മോഹൻലാലിന് എതിരെ കുറച്ചു നാളുകളായി ഉയർന്ന വിമർശനം.
ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഒടിയന് ശേഷം മോഹൻലാൽ താടി എടുത്തിട്ടില്ല.2018ലായിരുന്നു ഒടിയൻ എത്തിയത്. നാല് വർഷത്തിനിടക്ക് നിരവധി സിനിമകൾ എത്തിയെങ്കിലും ഒരു സിനിമയിലും മോഹൻലാൽ താടി എടുത്തിരുന്നില്ല.
ഇപ്പോഴിതാ പുതിയ ചിത്രത്തിനായി മോഹൻലാൽ താളിയെടുക്കുന്നു എന്ന വാർത്തയാണ് എത്തുന്നത്. ഭദ്രൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാവും മോഹൻലാൽ താടി എടുക്കുക.
പുതിയ സിനിമക്കായി താനും മോഹൻലാലും വീണ്ടും ഒന്നിക്കുമെന്ന് ഭദ്രൻ തന്നെയാണ് വെളിപ്പെടുത്തിയത്. ബിഗ് ബഡ്ജറ്റിൽ ചിത്രത്തിൽ മോഹൻലാൽ താടിയെടുക്കുമെന്നും ഭദ്രൻ പറഞ്ഞു. ഫോർത്ത് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഭദ്രൻ ഈ കാര്യം പറഞ്ഞത്.
തന്റെ മനസിൽ മൂന്ന്-നാല് സിനിമകളുണ്ട്. അതിലൊന്ന് മോഹൻലാലിനൊപ്പമാണ്. നിലവിലുള്ള രൂപത്തിലായിരിക്കില്ല മോഹൻലാൽ ആ ചിത്രത്തിലെത്തുക എന്ന് ഭദ്രൻ പറഞ്ഞു. നിലവിലെ മോഹൻലാലിനെ കണ്ട് പ്രേക്ഷകർക്ക് മടുത്തില്ലേയെന്നും അദ്ദേഹം ചോദിച്ചു. നാല് വർഷത്തിലേറെയായി ചർച്ച തുടങ്ങിയ സിനിമയാണിതെന്നും പാൻ ഇന്ത്യൻ ലെവലിലായിരിക്കും ഇതൊരുങ്ങുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം മോഹൻലാൽ -ഭദ്രൻ കൂട്ടുകെട്ടിൽ എത്തിയ വിജയ ചിത്രം സ്ഫടികം റീ റിലീസിന് ഒരുങ്ങുകയാണ്. 4k ദൃശ്യ മികവോടെ ആയിരിക്കും ചിത്രം വീണ്ടും തിയേറ്ററിൽ എത്തുക.