തിരുവനന്തപുരം:സിംഗപ്പൂരിൽ നടന്ന ഏഷ്യൻ അക്കാദമി അവാർഡ്സിൽ മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ട് സംവിധായകൻ ബേസിൽ ജോസഫ്.
ടൊവീനോ തോമസ് നായകനായി എത്തിയ മിന്നൽ മുരളി എന്ന സിനിമയുടെ സംവിധാനത്തിനാണ് ബേസിലിനെ തേടി അന്താരാഷ്ട്ര പുരസ്കാരം എത്തിയിരിക്കുന്നത്.
16 രാജ്യങ്ങളിലെ സിനിമകളിൽ നിന്നാണ് മിന്നൽ മുരളിയും ബേസിലും ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
അവാർഡ് നേടിയ സന്തോഷം ബേസിൽ ജോസഫ് തന്നെയാണ് പ്രേക്ഷകരെ അറിയിച്ചത്. സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ആയിരുന്നു ബേസിൽ ഇക്കാര്യം അറിയിച്ചത്.
”2022 ലെ ഏഷ്യൻ അക്കാദമി അവാർഡ്സില്‍ മികച്ച സംവിധായകനായി പ്രഖ്യാപിക്കപ്പെട്ടതിൽ എനിക്ക് അതിയായ സന്തോഷവും അഭിമാനവും തോന്നുന്നു.
മലയാള സിനിമാ വ്യവസായത്തിന്റെ ഭാഗമാകാനും ഈ വേദിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനും കഴിഞ്ഞതിൽ അതിലേറെ അഭിമാനമുണ്ട്.” ബേസിൽ ട്വിറ്ററിൽ കുറിച്ചു.
സമൂഹമാധ്യമങ്ങളിലൂടെ ബേസിൽ തന്നെയാണ് അംഗീകാര വാർത്ത പങ്കുവെച്ചത്. പുരസ്കാരം ഏറ്റുവാങ്ങുന്ന ചിത്രവും ഒപ്പമുണ്ട്.
അതേസമയം മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തിയ ചിത്രമാണ് മിന്നൽ മുരളി.
ഇതിനോടകം നിരവധി അംഗീകാരങ്ങൾ ചിത്രത്തെ തേടിയെത്തി. ദേശീയ അന്തർ ദേശീയ അവാർഡുകളിൽ സിനിമ പുരസ്കാരം നേടിയിട്ടുണ്ട്.
ജെസിഐ ഇന്ത്യയുടെ ഔട്ട്സ്റ്റാന്റിംഗ് യങ് പേഴ്സൺ അവാർഡും ബേസിൽ സ്വന്തമാക്കിയിരുന്നു. അമിതാഭ് ബച്ചൻ, കപിൽ ദേവ്, സച്ചിൻ, പി ടി ഉഷ തുടങ്ങി നിരവധി ലോകപ്രശസ്തർ കരസ്ഥമാക്കിയ അവാർഡ് ആണ് ബേസിൽ ജോസഫ് സ്വന്തമാക്കിയിരിക്കുന്നത്.