മലയാളികളുടെ പ്രിയപ്പെട്ട നടനായിരുന്നു സുകുമാരന്‍. ഇദ്ദേഹത്തിന്റെ മരണവാര്‍ത്ത സിനിമാപ്രേമികളെ ഒരുപാട് വേദനിപ്പിച്ചു. ചെയ്തുതീര്ക്കാന് ഇനിയും ഒരുപാട് കഥാപാത്രങ്ങള്‍ ബാക്കി വെച്ച് കൊണ്ടാണ് അദ്ദേഹം നമ്മളെയെല്ലാം വിട്ടു പോയത്. അച്ഛന് പിന്നാലെ രണ്ടുമക്കളും സിനിമയില്‍ എത്തുകയായിരുന്നു. നടന് പൃഥ്വിരാജും നടന് ഇന്ദ്രജിത്തും ഇന്നും സിനിമയില്‍ സജീവമാണ്. മല്ലിക സുകുമാരനും ചെറിയ ചെറിയ കഥാപാത്രങ്ങള്‍ ചെയ്തുകൊണ്ട് സിനിമയില്‍ തുടരുന്നു.
ഇപ്പോള്‍ ഭര്‍ത്താവിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കിടുകയാണ് മല്ലിക. രണ്ട് മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കണമെന്ന് സുകുവേട്ടന് വലിയ നിര്‍ബന്ധമുണ്ടായിരുന്നു. അവര്‍ സിനിമയില്‍ വരും എന്ന് നേരത്തെ സുകുവേട്ടന് പറഞ്ഞിരുന്നു. അദ്ദേഹം പോയെങ്കിലും എന്റെ വാശി മക്കളെ മിടുക്കരായി വളര്‍ത്തുക എന്നതായിരുന്നു. മകന് ഇന്ദ്രജിത്തിന്റെ അഡ്മിഷന് ശരിയാക്കിയശേഷം ഞങ്ങള്‍ മൂന്നു പേരും കൂടി മൂന്നാറിലെ കാന്തല്ലൂരില്‍ ഞങ്ങളുടെ സ്ഥലത്ത് കുറച്ചുദിവസം വെക്കേഷന് ആയി താമസിക്കാന്‍ പോയി.
ഇവിടെ വെച്ചാണ് ഒരു ദിവസം രാവിലെ തന്നെ സുകുവേട്ടന് പുറംവേദന വന്നത്. വേദനയ്ക്കുള്ള മരുന്ന് കൊണ്ട് പുറം തടവിക്കൊടുത്തു എങ്കിലും ആ വേദന മാറിയില്ല. സുഖം ആവാതെ വന്നതോടെയാണ് ഞങ്ങള്‍ നേരെ കൊച്ചിയിലേക്ക് പോകുന്നത്. പത്മജയുടെ വേണുഗോപാലിന്റെ വീട്ടിലേക്കാണ് ആദ്യം പോയത്. അവര്‍ ഞങ്ങളുടെ കുടുംബ സുഹൃത്തുക്കളാണ്. ഇസിജി നോക്കിയപ്പോള്‍ കുഴപ്പമുണ്ടെന്ന് തോന്നി, അതോടെ നേരെ ആശുപത്രിയിലേക്ക് മാറ്റി. പിന്നീടാണ് അറ്റാക്ക് ആയിരുന്നു എന്ന് മനസ്സിലായത്. മൂന്നുദിവസം ആശുപത്രിയിലായിരുന്നു.
മൂന്നാം ദിവസം ഉച്ചയോടെ വീണ്ടും വേദന വന്നത്, വീണ്ടും ഐസിയുവിലേക്ക് മാറ്റി. ആ പോക്കില്‍ അദ്ദേഹം എന്നെ നോക്കി ഇനി രക്ഷയില്ല എന്ന് പറയുന്ന പോലെ എന്തോ ഒരു ആഗ്യം കാണിച്ചത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു. അത് എന്നോടുള്ള യാത്രാമൊഴി ആയിരുന്നുവോ പിന്നീട് ആലോചിച്ചു പോയി. അന്ന് രാജു പത്താം ക്ലാസില്‍ പഠിക്കുകയായിരുന്നു. ഇന്ദ്രന് ഞങ്ങള്‍ക്കൊപ്പം തന്നെ ഉണ്ടായിരുന്നു മല്ലിക പറഞ്ഞു