കോഴിക്കോട്: പദ്മജ വേണുഗോപാൽ ബിജെപിയിൽ പോയതിനെ പരിഹസിച്ച് സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി.
ബിജെപിയിലേക്ക് പോകുമെന്ന് മാധ്യമങ്ങളോട് പറഞ്ഞ ആളാണ് കെ സുധാകരൻ. സുധാകരൻ പോവുമെന്ന് പറഞ്ഞത് പത്മജ ചെയ്തു കാണിച്ചുവെന്ന് എം എ ബേബി പരിഹസിച്ചു.
കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാൽ ബിജെപിയിലേയ്ക്ക് മാറിയതിൽ അസ്വാഭാവികമായി ഒന്നും കാണുന്നില്ലെന്നും സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി കൂട്ടിച്ചേർത്തു.
വടകര പാർലമെൻ്റ് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം എ ബേബി.
പത്മജയെ ബിജെപി സ്വന്തം പാളയത്തിലേക്ക് കൊണ്ട് പോകുന്നുവെന്ന് പറഞ്ഞ എം എ ബേബി ആദർശ ധീരൻ എകെ ആന്റണിയുടെ മകൻ ബിജെപിയുടെ സ്ഥാനാർത്ഥിയാണെന്നും ചൂണ്ടിക്കാണിച്ചു.
കോൺഗ്രസ് നേതാക്കൾ പലരും ബിജെപി നേതാക്കളായി മാറുന്നുവെന്നും എം എ ബേബി കുറ്റപ്പെടുത്തി.
വിലയ്ക്ക് വാങ്ങാൻ കഴിയാത്തവരെ വേണം ഡൽഹിയിലേക്ക് അയക്കാനെന്നും എം എ ബേബി പറഞ്ഞു. ഇപ്പോഴത്തെ 110 ബിജെപി എംപിമാർ കോൺഗ്രസ് നേതാക്കളായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.