ലോകേഷ് കനകരാജ്-ദളപതി വിജയ് കൂട്ടുകെട്ടില്‍ എത്തുന്ന പുതിയ ചിത്രമാണ് ലിയോ. വിക്രത്തിന് ശേഷം ലോകേഷ് ഒരുക്കുന്ന സിനിമ എന്ന നിലയിലും മാസ്റ്ററിന് ശേഷം വിജയ്-ലോകേഷ് കൂട്ടുകെട്ടില്‍ എത്തുന്ന ചിത്രമെന്ന നിലയിലും സിനിമക്കായി പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
അതുകൊണ്ട് തന്നെ ചിത്രത്തിന്റെതായി എത്തുന്ന ചെറിയ അപ്ഡേഷനുകള്‍ പോലും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ദ നേടാറുണ്ട്. ചിത്രത്തിന്റെ കാശ്മീര്‍ ഷൂട്ടിങ് കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു.
ഈ വിശേഷം ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിത കശ്മീര്‍ ഷെഡ്യൂളില്‍ അണിയറപ്രവര്‍ത്തകര്‍ അനുഭവിച്ച കഷ്ടപ്പാടും പ്രയാസവും പ്രേക്ഷകര്‍ക്കു മുന്നില്‍ വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് ‘ലിയോ’ സിനിമയുടെ നിര്‍മാതാക്കള്‍.
മൈനസ് പത്തിലും ഇരുപതിലുമൊക്കെയാണ് ഇവിടെ ചിത്രീകരണം നടത്തിയതെന്നും അതികഠിനമായ കാലാവസ്ഥയെ അതിജീവിച്ചാണ് ഷൂട്ടിങ് പൂര്‍ത്തിയാക്കിയതെന്നും യൂട്യൂബില്‍ പങ്കുവച്ച വീഡിയോയില്‍ നിര്‍മ്മാതാക്കള്‍ പറയുന്നു.
വൈകുന്നേരമായാല്‍ മൂക്കില്‍ നിന്ന് ചോര വരുമെന്നും സൂചി കൈകൊണ്ട് എടുക്കാന്‍ പോലും പറ്റാത്ത അത്രയും തണുപ്പായിരുന്നെന്നും അണിയറക്കാര്‍ വീഡിയോയില്‍ പറയുന്നു.
ഭക്ഷണം പാകം ചെയ്യുന്നവരും ക്ലീനിങ് സ്റ്റാഫും ലൈറ്റ് ബോയ്സും തുടങ്ങി സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവരെല്ലാം വിഡിയോയില്‍ വന്നുപോകുന്നുണ്ട്. ജൂനിയര്‍ ആര്ടിസ്റ്റുകള് തന്നെ ഏകദേശം അഞ്ഞൂറോളം പേര് ഉണ്ടായിരുന്നു.
വീഡിയോയില്‍ വിജയിയും എത്തുന്നുണ്ട്. അണിയറപ്രവര്‍ത്തകരുമായും പ്രദേശത്തെ സുരക്ഷാ ഉദ്യോഗസ്ഥരുമായും വിജയ് സംവദിക്കുന്നത് വീഡിയോയില്‍ കാണാം.
കശ്മിരില്‍ വിജയ് ചിത്രത്തില്‍ പ്രവര്‍ത്തിച്ചവരെ വലിയ ആദരവോടെ കാണുന്നതെന്ന് വീഡിയോ പങ്കുവെച്ച് ലോകേഷ് കനകരാജ് പറയുന്നു. തൃഷ ആണ് ചിത്രത്തില്‍ നായിക. ഗൗതം വാസുദേവ് മേനോന്, അര്ജുന്, മാത്യു തോമസ്, മിഷ്കിന്, സഞ്ജയ് ദത്ത്, പ്രിയ ആനന്ദ്, ബാബു ആന്റണി എന്നിവരും വേഷമിടുന്നു.