പിണറായി വിജയൻ മഴുവെറിഞ്ഞു ഉണ്ടാക്കിയതല്ല കേരളം: മറുപടിയുമായി കെഎം ഷാജി എം എൽ എ. കെഎം ഷാജിയെ ‘വികൃതമനസ്സ്’ എന്ന് ഇന്നലത്തെ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പരാമർശിച്ചിരുന്നു. ഇതിനുള്ള മറുപടിയായി കെഎം ഷാജി ഇന്ന് നടത്തിയ പത്രസമ്മേളനത്തിലാണ് പിണറായി വിജയനെതിരെ ആഞ്ഞടിച്ചത് . ശമ്പളമില്ലാത്ത എം എൽ എ ആയിട്ട് പോലും താൻ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്തിട്ടുണ്ടെന്നും കെഎം ഷാജി പറഞ്ഞു. ദുരിതാശ്വാസ ഫണ്ട് ദുരുപയോഗം ചെയ്തതിന്റെ മുൻ അനുഭവങ്ങൾ ഉണ്ട്. സിപിഎം എം എൽ എ ക്കു കടം വീട്ടാനായി ലക്ഷങ്ങൾ നൽകിയിട്ടുണ്ട്. സഹായം നൽകിയവർക്ക് കണക്കു അറിയാനുള്ള അവകാശമുണ്ട്. അങ്ങനെയുള്ളപ്പോൾ കണക്കു ചോദിക്കുന്നതിൽ എന്താണ് തെറ്റ് ? കെഎം ഷാജി ചോദിച്ചു.
പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് 8000 കോടി രൂപ കിട്ടിയപ്പോൾ 2000 കോടി രൂപ മാത്രമാണ് വിതരണം ചെയ്തത്. ദുരിതാശ്വാസ ഫണ്ട് എന്നാൽ പെട്ടന്ന് നൽകാനുള്ളതാണ് പക്ഷെ വർഷങ്ങൾ കഴിഞ്ഞിട്ടും പലർക്കും കിട്ടിയിട്ടില്ല, രണ്ടു പ്രളയത്തിലും നഷ്ടം സംഭവച്ചിട്ടും 10000 രൂപ പോലും കിട്ടാതെ ആത്മഹത്യ ചെയ്ത സംഭവം വരെ കേരളത്തിൽ ഉണ്ടായി.
തന്റേതു വികൃത മനസ്സാണോ സുകൃത മനസ്സാണോ എന്ന് ജനം തീരുമാനിക്കും. താൻ കാരണം ഒരു അമ്മയുടെയും കണ്ണീർ വീണിട്ടില്ല, ഒരു ഭാര്യക്കും ഭർത്താവിനെ നഷ്ടപ്പെട്ടിട്ടില്ല. പിണറായി മുൻപ് ‘പരനാറി’, ‘നികൃഷ്ടജീവി’, ‘കുലംകുത്തി’ എന്നൊക്കെ വിളിച്ചവരൊക്കെ നല്ല മനുഷ്യർ ആണ്, അതുകൊണ്ട് ‘വികൃത മനസ്സ് ‘ എന്ന് വിളിച്ചതിൽ ഒരു സങ്കടവുമില്ല, കെഎം ഷാജി പറഞ്ഞു