ക്ഷേമനിധിബോര്‍ഡുകള്‍ വഴിയുള്ള പ്രത്യേക സഹായ പദ്ധതികൾക്ക് മന്ത്രിസഭാ അംഗീകാരം നൽകി : ഗുണഫോക്താക്കൾ ഇവർ: കൊറോണക്കാലത് ലോക്ക് ഡൌൺ മൂലം കഷ്ടപ്പെടുന്ന തൊഴിലാളികൾക്ക് കേരള സർക്കാരിന്റെ താൽക്കാലിക ആശ്വാസം. വിവിധ തൊഴിലാളി ക്ഷേമനിധികളിൽ നിന്നും തൊഴിലാളികൾക്ക് താൽക്കാലിക ധനസഹായം അനുവദിക്കാൻ മന്ത്രിസഭാ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ പതിവ് പത്രസമ്മേളനത്തിലാണ് ഇതിനെക്കുറിച്ചു സൂചിപ്പിച്ചത് .
1. അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്:
ലോക്ക്ഡൗണ്‍ മൂലം അടച്ച ബാറുകളിലെ തൊഴിലാളികള്‍ക്ക് 5000 രൂപ ധനസഹായവും 10,000 രൂപ പലിശരഹിതവായ്പ.
2. മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്:
സ്റ്റേജ് ക്യാരേജ്/കോണ്ട്രാക്റ്റ് കാര്യേജ്, ബസ് തൊഴിലാളികള്‍ക്ക് 5000 രൂപ.
ഗുഡ്സ് വെഹിക്കിള്‍ തൊഴിലാളികള്‍ക്ക് 3500 രൂപ.
ടാക്സി തൊഴിലാളികള്‍ക്ക് 2500 രൂപ.
ഓട്ടോറിക്ഷ / ട്രാക്ടര്‍ തൊഴിലാളികള്‍ക്ക് 2000 രൂപ.
ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ് തൊഴിലാളികള്‍ക്ക് 1000 രൂപ. 9,54,242 തൊഴിലാളികളാണ് മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
3. കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്:
തൊഴില്‍ ഇല്ലാത്ത സാഹചര്യത്തില്‍ പലിശരഹിത വായ്പയായി 10,000 രൂപ വീതം. ലോക്ക്ഡൗണ്‍ നീണ്ടുപോകുന്ന സാഹചര്യമുണ്ടായാല്‍ 5000 കൂടി പ്രത്യേക വായ്പ.
4. ചുമട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്:
വേതന നഷ്ടം പരിഹരിക്കുന്നതിന് വേതനം അഡ്വാന്‍സ് ആയി അനുവദിക്കും. എപ്രില്‍ 14നകം ബോണസ് ഇനത്തില്‍ 30 കോടി രൂപ വിതരണം ചെയ്യും. 2,43,504 തൊഴിലാളികള്‍ക്ക് പ്രയോജനം ലഭിക്കും.
5. കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്:
കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളായ സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും ആശുപത്രി, പെട്രോള്‍ പമ്പ്, ഗ്യാസ് ഏജന്‍സി എന്നീ മേഖലകളില്‍ തൊഴില്‍ ചെയ്യുന്ന തൊഴിലാളികള്‍ക്കും 1000 രൂപ വീതം ആശ്വാസ ധനം.
ക്ഷേമനിധിയിലെ സജീവ അംഗങ്ങളാരെങ്കിലും കൊറോണ ബാധിതരായിട്ടുണ്ടെങ്കില്‍ അവര്‍ക്ക് 10,000 രൂപ ധനസഹായം. കൊറോണ സംശയിച്ച് വീട്/ആശുപത്രികളില്‍ ഐസോലേഷനില്‍ കഴിയുന്നവര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ 5000 രൂപ സഹായം.
6. കേരള നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്:
നിര്‍മാണ തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ക്കായി 200 കോടി രൂപയുടെ സഹായ പാക്കേജ്. ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത് 2 വര്‍ഷം പൂര്‍ത്തിയാക്കിയവരും 2018ലെ രജിസ്ട്രേഷന് പുതുക്കല്‍ നടത്തിയതുമായ എല്ലാ തൊഴിലാളി കുടുംബങ്ങള്‍ക്കും 1000 രൂപ സഹായം നല്‍കും. 15 ലക്ഷം തൊഴിലാളികള്‍ക്ക് പ്രയോജനം ലഭിക്കും.
7. കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്:
കൊറോണ ബാധിതരായ അംഗങ്ങള്‍ക്ക് 7500 രൂപയുടെ അടിയന്തിര സഹായവും ഐസോലേഷനില്‍ കഴിയുന്ന അംഗങ്ങള്‍ക്ക് 1000 രൂപയുടെ ധനസഹായവും.
8. കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്:
ഒരു തൊഴിലാളിക്ക് 750 രൂപ വീതം സഹായം നല്‍കും.
9. ബീഡി-ചുരുട്ട് തൊഴിലാളിക്ഷേമനിധി ബോര്‍ഡ്
ബീഡി-ചുരുട്ട് തൊഴിലാളികള്‍ക്ക് ഇന്‍കം സപ്പോര്‍ട്ട് സ്കീമില്‍ രണ്ട് കോടി രൂപ.
ആശ്വാസ പദ്ധതി നടപ്പാക്കുന്നതിന് സര്‍ക്കാരിന്റെ സാമ്പത്തിക സഹായം ആവശ്യപ്പെട്ടുകൊണ്ട് സാമ്പത്തികശേഷി കുറഞ്ഞ വിവിധ ക്ഷേമനിധി ബോര്‍ഡുകള്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഈ നിര്ദ്ദേശങ്ങള്പരിഗണനയിലാണ്.
പിന്നോക്ക വിഭാഗ കോര്പ്പറേഷന് വായ്പാ തിരിച്ചടവിന് മൂന്നുമാസം വരെ മൊറോട്ടോറിയം ഏര്‍പ്പെടുത്തി. മുടങ്ങുന്ന തിരിച്ചടവിന് അധിക ചാര്‍ജ് ഒഴിവാക്കി.
കേരള അഡ്വക്കേറ്റ്സ് ക്ലര്‍ക്ക് ക്ഷേമനിധി ചട്ടം ഭേദഗതി ചെയ്ത് അപ്രതീക്ഷിത പകര്‍ച്ചവ്യാധിമൂലം തൊഴില്‍ ചെയ്യാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ക്ഷേമനിധി അംഗങ്ങള്‍ക്ക് 3000 രൂപ വരെ ആശ്വാസധനം നല്കാന് തീരുമാനിച്ചു.