മലയാളികളുടെ ഇഷ്ട താരമാണ് ജോജു ജോർജ്.ജോജുവിനെ പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു എന്നതിനുള്ള തെളിവാണ് അദ്ദേഹം നായകനായി എത്തുന്ന സിനിമകളുടെ വിജയം. ജോസഫിന് ശേഷമാണ് ജോജുവിന്റെ കരിയർ മാറി മറിഞ്ഞതും നായകവേഷങ്ങൾ ലഭിച്ച് തുടങ്ങിയതും.പുലിമടയുടെ റിലീസിന് വേണ്ടി കാത്തിരിക്കുകയാണ്. എ.കെ സാജൻ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം പുലിമടയുടെ ട്രെയിലറിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഏറെ നിഗൂഢതകൾ നിറച്ച ട്രെയിലറിൽ ജോജുവിന്റെ പ്രകടനം തന്നെയാണ് പ്രധാന ആകർഷണം.വയനാടായിരുന്നു പ്രധാന ലൊക്കേഷന്. ഇപ്പോഴിതാ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കാൻ ചാനലിന് നൽകിയ അഭിമുഖത്തിൽ എ.കെ സാജൻ ജോജുവുമായുള്ള സൗഹൃദത്തെ കുറിച്ചും ജോജുവെന്ന നായക നടനെ കുറിച്ചും സംസാരിച്ചു. ആർക്കും അടുത്ത് ചെല്ലാൻ സാധിക്കുന്ന താരമാണ് ജോജുവെന്നാണ് എ.കെ സാജൻ പറഞ്ഞത്. വർഷങ്ങളായുള്ള പരിചയം ഉടലെടുത്തതിനെ കുറിച്ചും എ.കെ സാജൻ പറഞ്ഞു. ‘വയലൻസിൽ ചെറിയൊരു വേഷം ചെയ്യാൻ വന്നതാണ് ജോജു. എന്നാൽ ഡയലോഗ് പറയാൻ ജോജുവിനായില്ല. ഒരുപാട് തവണ ഡയലോഗ് പറയാൻ നോക്കിയപ്പോഴും കയ്യിൽ നിന്നും പോയി. അങ്ങനെ ആ സിനിമ സെറ്റിൽ നിന്നും ജോജു പോയി.’
‘ഒരുപാട് സ്ട്രഗിൾ ചെയ്താണ് ഇന്നത്തെ നിലയിൽ അദ്ദേഹം എത്തിയത്. മാളയിൽ നിന്നും എറണാകുളത്തേക്ക് എത്തി ഒരു കഥാപാത്രത്തിനായി അദ്ദേഹം അലഞ്ഞതൊക്കെ എന്നോട് തുറന്നുപറഞ്ഞിട്ടുണ്ട്. ജോജു എന്റെ വീട്ടിലെ നിത്യസന്ദർശകനായിരുന്നു. വ്യക്തി ജീവിതത്തിലേയും സിനിമ വിശേഷങ്ങളുമെല്ലാം ജോജു എന്നോട് പറയാറുണ്ട്.’ ‘വയലൻസ് കഴിഞ്ഞശേഷം നാദിറ കൊല്ലപ്പെട്ട രാത്രിയിലേക്ക് ജോജുവിനായി ഞാൻ ഒരു കഥാപാത്രം നൽകി. മുപ്പത് വർഷത്തെ ബന്ധം എനിക്ക് അദ്ദേഹവുമായുണ്ട്. ആദ്യം കണ്ടപ്പോഴുള്ള സ്നേഹവും ബഹുമാനവും ഇന്നും എന്നോട് കാണിക്കുന്ന ആളാണ് ജോജു. എന്നോട് അവസരങ്ങൾ ചോദിച്ചിട്ടുണ്ട്. നല്ല അവസരങ്ങൾ ജോജുവിന് വന്നാൽ അത് എന്നോടും ഷെയർ ചെയ്യും.’
‘ജോസഫിലെ കഥാപാത്രം വന്നപ്പോഴും എന്നോട് ജോജു പറഞ്ഞിരുന്നു. റിയൽ എസ്റ്റേറ്റിൽ ഒക്കെ താൽപര്യമുള്ള ആളാണ് ജോജു. മൂന്നാറിലൊക്കെ സ്ഥലം വാങ്ങാം എന്നൊക്കെ എന്നോട് പറയും. വണ്ടി വാങ്ങിയാലും എന്നോട് പറയും. സിനിമാക്കാരൻ അല്ലാത്ത നല്ല സുഹൃത്താണ്. രണ്ടുകോടിയുടെ കാറിൽ നടക്കുമ്പോഴും സാധാരണക്കാരനാണ് ഇന്നും ജോജു.’ ‘ഇന്നും ലോട്ടറി ടിക്കറ്റ് എടുക്കുന്ന ഒരു സാധാരണക്കാരനാണ്. വടക്കും നാഥ ക്ഷേത്രത്തിന് മുമ്പിൽ ഷൂട്ടിങ് നടക്കുന്നതിന്റെ ഇടയിൽ ഒരു വൃദ്ധൻ ലോട്ടറി കച്ചവടത്തിനായി വന്നു. അദ്ദേഹത്തെ സന്തോഷിപ്പിക്കാനായി അഞ്ചാറ് ടിക്കറ്റ് വാങ്ങിയ സാധാരണ ഒരു മനുഷ്യനാണ് ജോജു. മലയാള സിനിമയിൽ ലോട്ടറി ടിക്കറ്റ് എടുക്കുന്ന ഒരു നടൻ ഉണ്ടെങ്കിൽ അത് ജോജുവാണെന്നും’അദ്ദേഹം പറയുന്നുണ്ട്.