ഉണ്ണിമുകുന്ദൻ പ്രധാന കഥാപാത്രമായി വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത് എത്തിയ ചിത്രമാണ് മാളികപ്പുറം. തിയറ്ററുകളിൽ സൂപ്പർ ഹിറ്റായി മുന്നേറുകയാണ് ചിത്രം.
ചിത്രം 25 കോടിയും പിന്നിട്ട് ജൈത്രയാത്ര തുടരുകയാണ്. സിനിമയുടെ വിജയത്തിൽ നന്ദി അറിയിക്കാൻ ഉണ്ണി ഇന്ന് ശബരിമലയിൽ എത്തിയിരുന്നു. ഇതിന് പിന്നാലെ നടൻ പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
താനും ജനുവരി 14ഉം തമ്മിൽ വലിയ ബന്ധം ഉണ്ടെന്നാണ് ഉണ്ണി പറയുന്നത്. താൻ ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ എത്തിയതും ആദ്യ നിർമാണ സംരംഭമായ മേപ്പടിയാൻ റിലീസ് ചെയ്തതും തന്റെ ഒരു സിനിമ ബ്ലോക് ബസ്റ്റർ ആയി തിയറ്ററുകളിൽ പ്രദർശനം തുടരുന്നതും ജനുവരി 14നാണെന്ന് ഉണ്ണി പറയുന്നു. ഇനിയുള്ള എല്ലാ മകരവിളക്ക് ദിനങ്ങളും തന്റെ ജീവിതത്തിലെ ഓരോ നാഴികക്കല്ലുകളായി മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നുവെന്നും നടൻ പറഞ്ഞു.
ഉണ്ണിമുകുന്ദന്റെ സോഷ്യൽ മീഡിയ പോസ്റ്റ് ;
നമസ്കാരം,
ഇന്ന് ജനുവരി 14. ഈ ദിവസത്തിന് എന്റെ ജീവിതത്തിൽ ഒരുപാട് പ്രാധാന്യം ഉണ്ട്. ഞാൻ ആദ്യമായി ഒരു സിനിമയിൽ അഭിനയിക്കാനായി ക്യാമറയ്ക്ക് മുന്നിൽ നിന്നത് ഒരു ജനുവരി 14 ന് ആയിരുന്നു. അതുപോലെ എന്റെ ആദ്യ നിർമാണ സംരംഭം എന്ന നിലയിലും ഒരു ആക്ടർ എന്ന തരത്തിൽ എനിക്ക് ഒരു നാഴികകല്ലായും, നിരവധി അവാർഡുകളടക്കം കരസ്ഥമാക്കുന്നതിനും കാരണമായി മാറിയ നിങ്ങൾ നെഞ്ചിലേറ്റി വിജയിപ്പിച്ച മേപ്പടിയാൻ റിലീസ് ആയതും കഴിഞ്ഞ ജനുവരി 14 ന് ആയിരുന്നു.
വീണ്ടും ഒരു ജനുവരി 14 മകരവിളക്ക് ദിനത്തിൽ എന്റെ കരിയറിലെ ഏറ്റവും വലിയ ബ്ലോക്ക് ബസ്റ്റർ ആയി തിയേറ്ററിൽ ഓടിക്കൊണ്ടിരിക്കുന്ന മാളികപ്പുറത്തിന്റെ വിജയത്തിന് നന്ദി പറയാനും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആദരവ് ഏറ്റുവാങ്ങാനുമായി ഞാൻ സന്നിധാനത്ത് അയ്യന്റെ അടുത്താണ് ഉള്ളത്.
മേപ്പടിയാനിൽ ഒരു അയ്യപ്പ ഭക്തിഗാനം പാടാനുള്ള സൗഭാഗ്യം തേടിയെത്തിയപ്പോൾ പിന്നീട് എന്നെ തേടിയെത്തിയത് അയ്യപ്പനായി തന്നെ അഭിനയിക്കാനുള്ള നിയോഗമായിരുന്നു.
ഇനിയുള്ള എല്ലാ മകരവിളക്ക് ദിനങ്ങളും എന്റെ ജീവിതത്തിലെ ഓരോ നാഴികക്കല്ലുകളായി മാറട്ടെ എന്ന് മാത്രം ഞാൻ അയ്യപ്പസ്വാമിയോട് പ്രാർത്ഥിക്കുന്നു.
സ്നേഹത്തോടെ, ഉണ്ണി