തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരും. ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലൊഴികെയുള്ള വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, ഇടുക്കി, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ 12 ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.
ഒറ്റപ്പെട്ടതും ശക്തവുമായ മഴക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരും എന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.
ഒക്ടോബര്‍ 18വരെ ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് മുന്നറിയിപ്പാണ് നിലവില്‍ നല്‍കിയിരിക്കുന്നത്. ഒക്ടോബര്‍ 17ന് കണ്ണൂരിലും കാസര്‍കോടും ഉള്‍പ്പെടെ 14 ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.
അതേസമയം ഇന്നലെ രാത്രി ആരംഭിച്ച ശക്തമായ മഴയില്‍ തിരുവനന്തപുരത്തെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളം കയറി. പല സ്ഥലങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.