27ാമത് ഐഎഫ്എഫ്കെ സമാപന വേദിയില്‍ പ്രതിഷേധിച്ചവരെ നായ്ക്കളോട് ഉപമിച്ച സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്തിന്റെ വാക്കുകള്‍ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. നിരവധി പേരായിരുന്നു രഞ്ജിത്തിന്റെ വാക്കുകളെ വിമര്‍ശിച്ച് എത്തിയത്.
ഇപ്പോഴിത വിഷയത്തില്‍ രഞ്ജിത്തിന് എതിരെ രംഗത്ത് വന്നിരിക്കുകയാണ് നടന് ഹരീഷ് പേരടി. ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയിലാണ് ഹരീഷ് പേരടി പരിഹാസവുമായി രംഗത്തെത്തിയത്.
രഞ്ജിത്തിന്റെ തിരക്കഥയില്‍ ഇറങ്ങിയ ദേവാസുരത്തിലെ വന്ദേ മുകുന്ദ ഹരേ എന്ന പാട്ടിന്റെ ഈണത്തിലായിരുന്നു ഹരീഷ് പേരടിയുടെ കൂവല്‍.
‘ഞാനടക്കമുള്ള പൊതു സമൂഹത്തിന്റെ നികുതി പണം കൊണ്ട് നടത്തുന്ന ചലച്ചിത്ര മേളയില്‍ പ്രതിഷേധിച്ചവരെ നായ്ക്കളുമായി ഉപമിച്ച് ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്തിന്റെ മടമ്പിത്തരത്തിനെതിരെ ഉള്ള പ്രതിഷേധമാണ് ഈ കൂവലും കുരയും.
മേലാല്‍ ഇത്തരം തെമ്മാടിത്തരങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുക’, എന്നാണ് ഹരീഷ് പേരടി വീഡിയോയില്‍ പറഞ്ഞത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് ആയിരുന്നു പ്രതിഷേധം ഉയര്‍ന്നത്.
സീറ്റ് കിട്ടാതെ പോയതിനും നടത്തിപ്പിലെ പരാതിയും ഓണ്‍ലൈന്‍ ബുക്കിങ്ങിലെ പരാതിയുമൊക്കെ ചൂണ്ടിക്കാട്ടി ആയിരുന്നു പ്രതിഷേധം ഉയര്‍ന്നിരുന്നത്. ഇത്തരത്തില്‍ പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തിരുന്നു.
ഇതുമായി ബന്ധപ്പെട്ടായിരുന്നു ചെയര്മാന് രഞ്ജിത്തിനെതിരെ കാണികള്‍ കൂവല്‍ നടത്തിയത്. സമാപന ചടങ്ങില്‍ സ്വാഗത പ്രസംഗത്തിന് രഞ്ജിത്ത് എത്തിയപ്പോള്‍ കാണികള്‍ കൂവുക ആയിരുന്നു.
എന്നാല്‍ കൂവല്‍ വെറും അപശബ്ദം മാത്രമായിരുന്നെന്നാണ് രഞ്ജിത്ത് വിഷയത്തില്‍ പ്രതികരിച്ചത്. കൂവി പ്രതിഷേധിച്ചവരെ നായ്ക്കളുമായി ഉപമിക്കുകയും ചെയ്തിരുന്നു രഞ്ജിത്ത്.