ആന്റണി രാജു മാറി കെബി ഗണേഷ് കുമാര്‍ ഗതാഗത വകുപ്പ് മന്ത്രിയായതോടെ ചില മാറ്റങ്ങള്‍ പ്രതീക്ഷിക്കാമെന്ന് പലരും പറഞ്ഞിരുന്നു.നേരത്തെ ഗതാഗത വകുപ്പ് ചുമതലയുണ്ടായിരുന്നപ്പോള്‍ കെഎസ്ആര്‍ടിസിയില്‍ ഗണേഷ് കുമാര്‍ നടപ്പാക്കിയ പരിഷ്കാരങ്ങള്‍ വലിയ സ്വീകാര്യത നേടിയിരുന്നു. ഇത്തവണയും അദ്ദേഹത്തിന് കൃത്യമായ പ്ലാനുണ്ട്.കെഎസ്ആര്‍ടിസിയെ വന്‍ ലാഭത്തിലാക്കാം എന്ന വലിയ വായിലെ വാഗ്ദാനങ്ങളൊന്നും ഗണേഷ് കുമാര്‍ നല്‍കുന്നില്ല. എങ്കിലും നഷ്ടം കുറയ്ക്കാനുള്ള ചില പൊടിക്കൈകള്‍ അദ്ദേഹത്തിന്റെ പക്കലുണ്ട്. അവ പരീക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് മന്ത്രി. നഷ്ടം കുറയ്ക്കണം, ജോലി ചെയ്യുന്നവര്‍ക്ക് മാന്യമായ ജീവിതം നയിക്കാനാകണം… വളരെ സിംപിള്‍ പോളിസിയുമായിട്ടാണ് ഗണേഷ് കുമാറിന്റെ വരവ്. മീഡിയ വണ്ണിന് നല്കിയ അഭിമുഖത്തില്‍ ഗണേഷ് കുമാര്‍ തന്റെ ചില പ്ലാനുകള്‍ സംബന്ധിച്ച് വിശദീകരിച്ചു. അതില്‍ വ്യത്യസ്തമായതാണ് കുട്ടി ബസ്. 2001ലെ പദ്ധതി വീണ്ടും വരികയാണ്. കെഎസ്ആര്‍ടിസിയിലെ മിക്ക ബസുകളും ഏതാനും പേരുമായിട്ടാണ് യാത്ര ചെയ്യുന്നത്. ദീര്‍ഘ ദൂര ബസുകളില്‍ ആളുകള്‍ നന്നേ കുറവാണ്. ഈ സാഹചര്യത്തിലാണ് ഗണേഷ് കുമാറിന്റെ കുട്ടി ബസ് ആശയം. ഗ്രാമീണ മേഖലയെ ലക്ഷ്യമിട്ടാണ് ഇത്തരം ബസുകള്‍.
കുട്ടി ബസ് വീണ്ടും വരും. കെഎസ്ആര്‍ടിസി ബസുകളുടെ മൈലേജ് മൂന്ന് കിലോമീറ്ററാണ്. പല റൂട്ടുകളിലും യാത്രക്കാര്‍ കുറവാണ്. ഗ്രാമീണ മേഖലയില്‍ നല്ല പുതിയ റോഡുകള്‍ നിരവധിയാണ്. ഇത്തരം സാധ്യതകളെല്ലാം പരിശോധിക്കുമ്പോള്‍ ചെറിയ ബസുകളാണ് നല്ലത്. ദീര്‍ഘദൂര ബസിലെ ജീവനക്കാര്‍ക്ക് ചെല്ലുന്നിടത്ത് വിശ്രമിക്കാന്‍ എസി സൗകര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.ഗൂഗിള്‍ പേ സംവിധാനം ഏര്‍പ്പെടുത്താനും പദ്ധതിയുണ്ടെന്ന് മന്ത്രി പറഞ്ഞു. വിദ്യാര്‍ഥികളുടെ കണ്സഷന് കൂട്ടില്ല. പകരം വിദ്യാര്‍ഥികള്‍ മാത്രമേ കണ്സഷന് ആനുകൂല്യം ഉപയോഗിക്കുന്നുള്ളൂ എന്ന് ഉറപ്പാക്കും. വിദ്യാലയങ്ങളില്ലാത്ത അവധി ദിവസങ്ങളില്‍ കണ്സഷന് നല്‍കില്ല.