മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് മരയ്ക്കാർ – അറബിക്കടലിന്റെ സിംഹം. ചിത്രം മാർച്ച് 26ന് മുന്നൂറിലധികം തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിക്കുവാൻ ആയിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ പിന്നീട് കൊറോണ വൈറസ് വ്യാപനം രൂക്ഷമായതിനെത്തുടർന്ന് റിലീസ് നടത്തുവാൻ സാധിച്ചില്ല. ആശിർവാദ് സിനിമാസ് ബാനറിൽ ആൻറണി പെരുമ്പാവൂർ ആണ് മരയ്ക്കാർ നിർമ്മിക്കുന്നത്.
ആൻറണി പെരുമ്പാവൂർ തന്നെ നിർമിക്കുന്ന മറ്റൊരു മോഹൻലാൽ ചിത്രമാണ് ദൃശ്യം 2. 2013 വർഷത്തിൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് മോഹൻലാൽ ചിത്രം ദൃശ്യം ഒരുക്കിയ ജിത്തു ജോസഫ് തന്നെയാണ് ദൃശ്യം 2 സംവിധാനം ചെയ്യുന്നത്. എന്നാൽ ഇപ്പോൾ ചിത്രത്തെ സംബന്ധിച്ച് മറ്റൊരു പ്രധാനപ്പെട്ട വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് നിർമാതാവ് ആൻറണി പെരുമ്പാവൂർ. മരക്കാർ എത്തുന്നതിനു മുൻപ് ചിലപ്പോൾ ജോർജുകുട്ടി തിയേറ്ററുകളിൽ എത്തിയേക്കാം. “കൊറോണ വൈറസ് വ്യാപനം രൂക്ഷമായതിനെത്തുടർന്ന് രാജ്യമൊട്ടാകെയുള്ള സിനിമ മേഖല പ്രതിസന്ധിയിലാണ്. ഈ സ്ഥിതി തുടരുകയാണെങ്കിൽ മരയ്ക്കാർ എത്തുന്നതിനുമുൻപ് ദൃശ്യം 2 തീയേറ്ററുകളിലെത്തും”- ഓണത്തോടനുബന്ധിച്ച് അരങ്ങേറിയ ഒരു ലൈവ് സ്റ്റേജ് ഷോയിൽ ആണ് ആൻറണി ഇക്കാര്യം വെളിപ്പെടുത്തിയത്.
സെപ്റ്റംബർ 14 മുതൽ ദൃശ്യം 2 ചിത്രീകരണം ആരംഭിക്കും. കർശനമായി കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആയിരിക്കും ചിത്രീകരണം നടത്തുന്നത്. ദൃശ്യം ഒന്നാം ഭാഗം ചിത്രീകരിച്ച തൊടുപുഴയിൽ തന്നെ ആയിരിക്കും ദൃശ്യം ചിത്രീകരിക്കുന്നത്.
ആശിർവാദ് സിനിമാസ് ബാനറിൽ ആൻറണി പെരുമ്പാവൂർ തന്നെ നിർമിക്കുന്ന മറ്റൊരു ചിത്രമാണ് എമ്പുരാൻ. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗം കൂടിയാണ് ഇത്. പൃഥ്വിരാജ് സുകുമാരൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അടുത്ത വർഷം ആരംഭത്തോടെ എമ്പുരാൻ ചിത്രീകരണം തുടങ്ങുമെന്നാണ് ആൻറണി പെരുമ്പാവൂർ അറിയിച്ചിരിക്കുന്നത്.