തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തൃശ്ശൂര്‍ സന്ദര്‍ശനത്തെ തുടര്‍ന്ന് തേക്കിന്‍കാട് മൈതാനത്തെ ആല്മരങ്ങള് മുറിച്ചതിനെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ പരിപാടി സംഘര്‍ഷത്തില്‍ കലാശിച്ചു.
മൈതാനത്തേക്ക് സമരം നടത്താനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞതോടെയാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്.
നേരത്തെ ചില പരിപാടികളുടെ സുരക്ഷക്ക് വേണ്ടി ആല്‍മരങ്ങളുടെ ചില്ല മുറിക്കാന്‍ നോക്കിയപ്പോള്‍ തടഞ്ഞവരാണ് ഇപ്പോള്‍ പ്രധാനമന്ത്രിക്ക് വേണ്ടി ആല്‍മരം നശിപ്പിച്ചതെന്നാണ് യൂത്ത് കോണ്‍ഗ്രസ് വിമര്‍ശിക്കുന്നത്.
ഇക്കാര്യം ഉന്നയിച്ചാണ് ‘മാനിഷാദ’ എന്ന പേരില്‍ യൂത്ത് കോണ്‍ഗ്രസ് സമരം പ്രഖ്യാപിച്ചത്.എന്നാല്‍ മോദി പങ്കെടുത്ത വേദിയില്‍ ചാണകവെള്ളം തളിക്കാനായി കെഎസ്യു ശ്രമിച്ചുവെന്നാണ് ബിജെപി പ്രവര്‍ത്തകര്‍ പറയുന്നത്.
ചാണകവെള്ളം തളിക്കാന്‍ അനുവദിക്കില്ലെന്ന് ബിജെപി പറഞ്ഞു. എന്നാല്‍ ന്യായമായ പ്രതിഷേധമാണ് തങ്ങളുടേതെന്ന് യൂത്ത് കോണ്‍ഗ്രസ് പറഞ്ഞു. വര്‍ഷങ്ങളായി പഴക്കമുള്ള ആല്‍മരം മുറിച്ചതാണ് പ്രതിഷേധത്തിന് കാരണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്.
സംഘര്‍ഷ സ്ഥലത്ത് പൊലീസുണ്ട്. ഇരു സംഘടനകളുടെയും കൂടുതല്‍ പ്രവര്‍ത്തകര്‍ നഗരത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നുണ്ട്.പ്രതിഷേധിക്കുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യണമെന്നാണ് ബിജെപി ആവശ്യം. എന്നാല്‍ ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.