മലയാളത്തിൽ അടുത്തിടെ വന്നതിൽ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായിരുന്നു അയ്യപ്പനും കോശിയും. പൃഥ്വിരാജും ബിജു മേനോനും മത്സരിച്ചഭിനയിച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു ഇത്. ചിത്രം നിരവധി ഭാഷകളിലേക്ക് റീമേക്ക് ചെയ്യുവാനുള്ള തീരുമാനം റിലീസ് ചെയ്ത ഉടനെ തന്നെ വന്നിരുന്നു. ഇപ്പോൾ തെലുങ്ക് റീമേക്കാണ് ആദ്യം തുടങ്ങിയിരിക്കുന്നത്. പവൻ കല്യാൺ, റാണ ദഗുബാട്ടി എന്നിവരാണ് തെലുങ്ക് പതിപ്പിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഹൈദരാബാദിലെ ഷൂട്ടിങ് തുടങ്ങിയിരിക്കുന്നത്. സാഗർ കെ ചന്ദ്ര ആണ് തെലുങ്ക് പതിപ്പ് സംവിധാനം ചെയ്യുന്നത്. സിത്താര എൻ്റർടെയ്ൻമെൻ്റ് ബാനറിലാണ് ചിത്രമൊരുങ്ങുന്നത്. സൂര്യദേവ നാഗവംശി ആണ് ചിത്രം നിർമ്മിക്കുന്നത്. ആദ്യമായി ചിത്രീകരിക്കുന്നത് ആക്ഷൻ രംഗങ്ങളാണ്. 10 ദിവസത്തോളം നീണ്ടു നിൽക്കുന്ന ആക്ഷൻ രംഗങ്ങളാണ് ആദ്യ ഷെഡ്യൂളിൽ ചിത്രീകരിക്കുന്നത്. ദിലീപ് സുബ്രഹ്മണ്യനാണ് ചിത്രത്തിലെ സ്റ്റണ്ട് രംഗങ്ങൾ ഒരുക്കുന്നത്.
സച്ചി ആണ് മലയാളത്തിൽ ചിത്രത്തിന് തിരക്കഥയും സംവിധാനവും നിർവഹിച്ചത്. ത്രിവിക്രം ശ്രീനിവാസ് ആണ് തെലുങ്ക് പതിപ്പിൽ സംഭാഷണങ്ങൾ ഒരുക്കുന്നത്. സമുദ്രകനി അടക്കമുള്ള താരങ്ങൾ ചിത്രത്തിലെ ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നു. മോഹൻലാൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഒപ്പം എന്ന ചിത്രത്തിലെ വില്ലൻ വേഷത്തെ അവതരിപ്പിച്ച താരമായിരുന്നു സമുദ്രകനി. ഇതിനു പുറമേ തെലുങ്കിലെ നിരവധി മുൻനിര താരങ്ങൾ ചിത്രത്തിൽ ഒന്നിക്കുന്നുണ്ട്.
ചിത്രത്തിൽ ആരായിരിക്കും നായിക എന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. എന്നാൽ സായിപല്ലവി ആയിരിക്കും ചിത്രത്തിലെ നായിക എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതിനു പുറമെ രണ്ട് നായികമാർ ചിത്രത്തിലുണ്ടാകും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒർജിനൽ അയ്യപ്പനും കോശിയും നിന്നും വ്യത്യസ്തമായി ഒരു കഥാപാത്രത്തിന് കൂടുതൽ പ്രാധാന്യം ലഭിക്കുന്നതായിരിക്കും തെലുങ്ക് പതിപ്പ്. പവൻ കല്യാൺ കഥാപാത്രത്തിനുവേണ്ടി വലിയ മാറ്റങ്ങൾ ആണ് തിരക്കഥയിൽ വരുത്തുന്നത്.