എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മഹാവീര്യർ. ഈ ചിത്രം ഇന്ത്യൻ സിനിമയ്ക്ക് മുന്നിൽ അഭിമാനത്തോടെ അവതരിപ്പിക്കാൻ സാധിക്കും എന്നു പറയുകയാണ് നടൻ ആസിഫ് അലി. നിവിൻ പോളി, ആസിഫ് അലി എന്നിവർ ആണ് ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം 21ആം തീയതി തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുകയാണ്.
സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ലുലുമാളിൽ നടത്തിയ ഒരു പരിപാടിക്ക് ഇടയിലാണ് ആസിഫ് അലി ഇതിനെക്കുറിച്ച് സംസാരിച്ചത്. ഒരുപാട് സന്തോഷം തോന്നുന്നു എന്നാണ് ആസിഫ് അലി പറയുന്നത്. നമ്മളെ കാണുവാനും കൂടെ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവരും ഉണ്ട്. നമ്മുടെ കൂടെ സെൽഫി എടുക്കാൻ ആഗ്രഹിക്കുന്നവരും ഉണ്ട്. ഇതൊക്കെ കാണുന്നത് വലിയ സന്തോഷം തരുന്ന കാര്യമാണ്.
ഒരു സിനിമ പാരമ്പര്യവും ഇല്ലാതെ ഇവിടെ വന്ന് നിങ്ങളുടെ ഇഷ്ടം പിടിച്ചു പറ്റാൻ ഞങ്ങൾക്ക് രണ്ടുപേർക്കും പറ്റിയിട്ടുണ്ടെങ്കിൽ അതിൽ കൂടുതൽ ജീവിതത്തിൽ എന്താണ് വേണ്ടത് എന്ന് ആസിഫ് അലി ചോദിക്കുന്നു. തനിക്ക് വളരെ അഭിമാനത്തോടെയും ധൈര്യത്തോടെയും പറയാൻ സാധിക്കും ഈ ചിത്രം ഇന്ത്യൻ സിനിമയിൽ തന്നെ നമ്മൾക്ക് പ്രസന്റ് ചെയ്യാൻ പറ്റുന്നതിൽ ഏറ്റവും നല്ല ചിത്രങ്ങളിൽ ഒന്നാവും എന്ന്. താരം കൂട്ടിച്ചേർത്തു.
തിയേറ്ററിന് വേണ്ടി ഒരുക്കിയ ചിത്രമാണ് ഇത് എന്ന് മുൻപ് അണിയറ പ്രവർത്തകർ സൂചിപ്പിച്ചിരുന്നു. ഏറ്റവും മികച്ച രീതിയിൽ തന്നെ തിയറ്റർ എക്സ്പീരിയൻസ് പ്രേക്ഷകർക്ക് നൽകാൻ ശ്രമിച്ചിട്ടുണ്ട് എന്ന് ആസിഫും പറയുന്നു. നിരവധി താരങ്ങൾ ചിത്രത്തിൽ ഒരുമിക്കുന്നുണ്ട്. ഫാന്റസി ടൈം ട്രാവൽ ജോണറിൽ ആണ് ചിത്രം എത്തുന്നത്.