കല്യാണസൗഗന്ധികം എന്ന സീരിയലിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നടനാണ് അരുണ്‍ മോഹന്‍. ചെറിയ സമയം കൊണ്ട് തന്നെ പ്രേക്ഷകര്‍ക്കിടയില്‍ വലിയൊരു സ്ഥാനം നേടാന്‍ അരുണിന് സാധിച്ചു. ചെയ്തത് വില്ലന്‍ കഥാപാത്രങ്ങള്‍ ആണെങ്കിലും ഈ താരത്തിന് ആരാധകര്‍ ഏറെയാണ്. ഇന്ന് മൗന രാഗത്തില്‍ ആണ് അരുണ്‍ മോഹന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
ചെമ്പരത്തി പൂവ് എന്ന് പരമ്പരയിലും അരുണ്‍ അഭിനയിച്ചിരുന്നു. തന്റെ ജീവിതത്തില്‍ വലിയൊരു ആഗ്രഹമായിരുന്നു ഒരു അഭിനേതാവ് ആവണം എന്നത്. സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും മിനിസ്ക്രീനില്‍ എങ്കിലും ചെറിയ വേഷം ചെയ്യണമെന്ന് ഉണ്ടായിരുന്നു, ഇപ്പോള്‍ ആ ആഗ്രഹം സഫലം ആയിരിക്കുകയാണ്. കുടുംബ വിളക്ക് താരം ആനന്ദ് നാരായണന്റെ യൂട്യൂബ് ചാനല്‍ വഴിയാണ് അരുണ്‍ തന്റെ അഭിനയജീവിതത്തെക്കുറിച്ച് പറഞ്ഞത്.
ചെറുപ്പത്തിലെ ഉള്ള ആഗ്രഹമാണ് ഒരു നടന് ആകണം എന്നത്, അഭിനയം തലയ്ക്കു പിടിച്ചത് കൊണ്ട് വിവാഹമേ വേണ്ട എന്ന് തീരുമാനിച്ചതായിരുന്നു. കെട്ടുവാണെങ്കില്‍ എന്നെ സ്നേഹിച്ചില്ലെങ്കിലും കലയെ സ്നേഹിക്കുന്ന ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്ന് ഉണ്ടായിരുന്നു. തന്റെ പാഷന് പൂര്‍ണ്ണമായി പിന്തുടര്‍ന്ന പെണ്ണിനെ കണ്ടെത്താന്‍ പ്രയാസമാണ് എന്ന് മനസ്സിലാക്കിയതോടെ ആണ് വിവാഹം വേണ്ട എന്ന് ചിന്തിച്ചു തുടങ്ങിയത്.
എന്നാല്‍ ഇതിനിടെയാണ് ഒരു നഴ്സിംഗ് വിവാഹാലോചന വന്നത്. അവര്‍ക്ക് ജാതകവും കാര്യങ്ങളും ഒക്കെ ഓക്കെയാണ്. പക്ഷെ ഒറ്റക്കാര്യം, വിവാഹത്തിന് ശേഷം അഭിനയം എന്നൊന്നും പറഞ്ഞ് നടക്കാന്‍ പാടില്ല. പെണ്ണിന്റെ അച്ഛന് ദുബായില്‍ ബിസിനസ്സ് ആണ്. കല്യാണം കഴിഞ്ഞാല്‍ വിസ എടുത്ത് തരാം, ഗള്‍ഫിലേക്ക് പോയിക്കോ എന്നായിരുന്നു നിബന്ധന. മോള്‍ക്ക് വേറെ ആരെയെങ്കിലും ആലോചിച്ചോളൂ എന്ന് പറഞ്ഞാണ് ആ വിവാഹം വേണ്ട എന്ന് വച്ചത് എന്ന് അരുണ്‍ പറയുന്നു.
തന്റെ പാഷനെ മനസ്സിലാക്കിയ പെണ്‍കുട്ടിയെ തന്നെയാണ് അരുണ്‍ ഒടുവില്‍ വിവാഹം ചെയ്തത്. അഞ്ജലിയുമായിട്ടുള്ള വിവാഹം കഴിഞ്ഞിട്ട് മൂന്ന് വര്‍ഷമായി. അഞ്ജലി ഗായികയാണ്. അഞ്ജലിയ്ക്കും ഇപ്പോള്‍ അഭിനയ മോഹം ഉണ്ട് എന്ന് അരുണ്‍ പറയുന്നു.